ഹമീദും ജോണ്‍സനുമെല്ലാം ബിംബങ്ങള്‍ മാത്രം; കുടുംബബന്ധങ്ങളില്‍ നിറയുന്നത് പകയും പ്രതികാര ദാഹവും; പെട്രോള്‍ കൊണ്ട് രക്തബന്ധങ്ങളെ ഇല്ലാതാക്കുമ്പോള്‍…
തിരുവനന്തപുരം: എന്താണ് കേരളീയ സമൂഹത്തില്‍ സംഭവിക്കുന്നത്? സ്വത്ത് തര്‍ക്കവും കുടുംബവഴക്കും മുറുകുമ്പോള്‍ അതിദാരുണമാം വിധം കുടുംബാംഗങ്ങള്‍ കൊല ചെയ്യപ്പെടുന്ന സംഭവങ്ങളാണ് വാര്‍ത്താ തലക്കെട്ടുകളില്‍ നിറയുന്നത്. ഒരു വര്‍ഷം മുന്‍പ് ഇടുക്കിയില്‍ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതക വിവരം പുറത്ത് വന്നിരുന്നു. ഒരു കുടുംബത്തിലെ നാല് പേരെ പിതാവ് തീകൊളുത്തിക്കൊന്നു. തൊടുപുഴ ചീനിക്കുഴിയിലാണ് സംഭവം നടന്നത്. ഇതിനു സമാനമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ണുത്തിയില്‍ നിന്നും മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുടുംബവഴക്കും സ്വത്ത് തര്‍ക്കങ്ങളുമാണ് കൂട്ടക്കൊലപാതകങ്ങള്‍ക്ക് ഇടവെച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസമായിരുന്നു ഇടുക്കിയിലെ ദാരുണ സംഭവം. ഇരയായത് ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ , ഭാര്യ ഷീബ, മക്കളായ മെഹർ അഫ്സാന എന്നിവരാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച ഫൈസലിന്‍റെ പിതാവ് ഹമീദാണ് പിടിയിലായത്. ഈ കൃത്യം ചെയ്യുമ്പോള്‍ ഹമീദിന് പ്രായം 79 വയസാണ്. ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിലാണ് മകനെയും മകന്റെ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ഉറങ്ങിക്കിടക്കവേ മുറിയിലേക്ക് പെട്രോള്‍ തിരികള്‍ എറിഞ്ഞു പിതാവ് ഇല്ലാതാക്കിയത്.
ഈ സംഭവത്തിന്റെ നടുക്കം മാറുംമുന്‍പാണ് ഇന്നലെ തൃശൂര്‍ മണ്ണുത്തിയില്‍ നിന്നും സമാന രീതിയില്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മകന്റെയും കുടുംബത്തിന്റെയും മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയാണ് പിതാവ് ചെയ്തത്.
ഗുരുതരമായ പൊള്ളലേറ്റ മകന്‍ ജോജിയും പന്ത്രണ്ടുകാരനായ മകന്‍ തെൻഡുൽക്കറും ഇന്നലെ മരണത്തിനു കീഴടങ്ങിയപ്പോള്‍ അച്ഛനായ ജോണ്‍സന്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ഭാര്യയായ സാറയുടെ മുറിയും പുറത്ത് നിന്നും പൂട്ടിയാണ് ജോണ്‍സന്‍ കടുംകൈ ചെയ്തത്. അതുകൊണ്ട് സാറയ്ക്ക് പുറത്തിറങ്ങാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ കഴിഞ്ഞില്ല. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെയും കുടുംബത്തെയും ജോണ്‍സന്‍ ഇല്ലാതാക്കിയത് എന്നാണ് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പുറത്ത് വരുന്ന വിവരം. പോലീസ് പതിവുപോലെ നടപടികള്‍ സ്വീകരിക്കുകയാണ് ഇവിടെയും ചെയ്തത്.
മണ്ണുത്തിയിലെ കൊലപാതകം ഞെട്ടിച്ചുവെന്നാണ് നാട്ടുകാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. സംഭവം നടക്കുന്ന ദിവസം പകല്‍ ചായ കുടിക്കാന്‍ പരിചയക്കാരോടൊപ്പം ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതാണ് ജോജിയുടെ അച്ഛന്‍ ജോണ്‍സന്‍. പതിവുപോലെ സംസാരിച്ച് മടങ്ങി എന്നതല്ലാതെ വീട്ടിലെ ഒരു സംഭവവും ജോണ്‍സന്‍ നാട്ടുകാരോട് സംസാരിച്ചില്ല. ബുധനാഴ്ചയാണ് നാട്ടുകാര്‍ ജോണ്‍സനെ കണ്ടത്. ഇതേ ദിവസം അര്‍ദ്ധരാത്രിയാണ് മകനെയും കുടുംബത്തെയും ഇല്ലാതാക്കി ജോണ്‍സന്‍ വിഷം കഴിച്ചത്.
സ്വന്തം മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഇല്ലാതാക്കുമ്പോള്‍ ഒരു മനസാക്ഷിക്കുത്തും പിതാവിന് ഉണ്ടായിരുന്നില്ല. അതിനു ശേഷം വീട്ടിനു മുകളില്‍ കയറി വിഷം കഴിക്കുകയാണ് ചെയ്തത്. ജോണ്‍സനാണ് ഈ കൃത്യം ചെയ്തതെന്നു മനസിലാക്കി നാട്ടുകാര്‍ തിരയുമ്പോള്‍ ടെറസില്‍ വിഷം കഴിച്ച് അബോധാവസ്ഥയിലായിരുന്നു ജോണ്‍സന്‍. ഇപ്പോഴും ബോധവും തിരികെ ലഭിച്ചില്ല. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ജോണ്‍സനും രക്ഷപ്പെടാന്‍ സാധ്യത കുറവാണ്. ഇടുക്കിയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ തൃശൂര്‍ മണ്ണുത്തിയിലും സംഭവിച്ചു. രണ്ടു മലയാളി കുടുംബങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായി.
മണ്ണുത്തിയില്‍ അച്ഛനും മകനും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അവര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ അച്ഛനോ മകനോ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. പ്രശ്നങ്ങള്‍ ഇരുവരും തമ്മില്‍ തമ്മില്‍ തീര്‍ത്തു. ഇപ്പോള്‍ അച്ഛന്‍ മകനെയും കുടുംബത്തെയും ഇല്ലാതാക്കി-പോലീസ് പറയുന്നു.
ഒന്നോ രണ്ടോ കുടുംബബന്ധങ്ങളുടെ ദുരന്തം മാത്രമല്ല സംഭവിക്കുന്നത്. കേരളീയ കുടുംബങ്ങളില്‍ വലിയ ഒരു വിഭാഗം പ്രതിസന്ധിയെ നേരിടുകയാണ്. സാമ്പത്തികമായ തകര്‍ച്ചയും ബന്ധങ്ങളിലെ ശൈഥില്യവും കുടുംബങ്ങളെ തുറിച്ച് നോക്കുകയാണ്. ഇത് തന്നെയാണ് ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും കുടുംബങ്ങളെ നയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here