വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നടന്നത് കലാപമെന്ന് എഫ്ഐആര്‍; കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസ്

kodi suni

തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ഇന്നലെ ഉച്ചക്ക് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതിയായ കൊടി സുനി ഉള്‍പ്പെടെ 10 തടവുകാര്‍ക്ക് എതിരെ കേസ്. കലാപവും വധശ്രമവും പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള 10 കുറ്റങ്ങള്‍ കുറ്റങ്ങള്‍ ചുമത്തിയാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് കൊടി സുനി. കൊല്ലം സ്വദേശിയായ രഞ്ജിത്ത് ഉണ്ണി എന്ന കാട്ടുണ്ണിയാണ് ഒന്നാം പ്രതി. ജയിലില്‍ നടന്നത് കലാപമെന്നാണ്എഫ്ഐആറില്‍ പറയുന്നത്.

ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് ശ്രീരാമന്‍, ഡിസ്ട്രിക്റ്റ് പ്രിസണ്‍ ഓഫീസര്‍മാരായ വിനോദ് കുമാര്‍, ഓംപ്രകാശ്‌, അസി.പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അക്രമം നടന്നതെന്ന് വിയ്യൂര്‍ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി എന്ന വിവരം ലഭിച്ചില്ല. തടവുകാര്‍ സംഘം ചേര്‍ന്നു ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു-പോലീസ് പറയുന്നു.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: വിയ്യൂര്‍ അതി സുരക്ഷാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്ന് മുതല്‍ 10 വരെയുള്ള പ്രതികള്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അന്യായമായി സംഘം ചേര്‍ന്നു. ഒന്നാം പ്രതി രഞ്ജിത്ത് ഉണ്ണി എന്ന കാട്ടുണ്ണി വധഭീഷണി മുഴക്കിക്കൊണ്ട് അസി.പ്രിസണ്‍ ഓഫീസര്‍ അര്‍ജുനന്‍റെ കഴുത്തിന് നേരെ ഇരുമ്പുവടികൊണ്ട് വീശുകയും തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ മാരകമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. രണ്ടാം പ്രതിയായ ഗുണ്ടു അരുണ്‍ രഞ്ജിത്ത് ഉണ്ണിയുടെ കയ്യില്‍ നിന്നും ഇരുമ്പുവടി വാങ്ങി അക്രമം അഴിച്ചുവിട്ടു.

രഞ്ജിത്ത് ഉണ്ണി ചില്ല് ഗ്ലാസ് പൊട്ടിച്ച് കഷണങ്ങളുമായി ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, ഡിപിഒ വിനോദ് കുമാര്‍, ഡിപിഒ ഓംപ്രകാശ്, അസി.പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ എന്നിവരെ അസഭ്യം വിളിച്ച് വധഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചു. മൂന്നും നാലും പ്രതികളായ പൂച്ച സാജുവും മിബുരാജും ഉദ്യോഗസ്ഥരെ തള്ളിമാറ്റി കലാപാഹ്വാനം നടത്തി ഗാര്‍ഡ് ഓഫീസിലേക്ക് പോയി.

അഞ്ച് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ മുന്‍വശത്ത് സംഘം ചേര്‍ന്ന് കലാപത്തിനായി തയ്യാറെടുത്ത് നിന്നു. കൊടി സുനി, താജുദ്ദീന്‍, ചിഞ്ചു മാത്യു, റ്റിറ്റു ജെറോം, ഷഫീഖ് ഇപ്പി, ജോമോന്‍ എന്നീ പ്രതികള്‍ ഗാര്‍ഡ് ഓഫീസിലെ കസേരകളും മേശകളും ഫോണും വയര്‍ലസ് ഉപകരണങ്ങളും ടെലിഫോണ്‍ ബൂത്തിലെ ഫോണുകളും മറ്റും സാധനങ്ങളും അടിച്ച് തകര്‍ത്തു. ഗേറ്റ് പിടിച്ചുകുലുക്കി ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജയില്‍ കിച്ചണില്‍ ജോലി ചെയ്തിരുന്ന ജോമോനെ പൂച്ച സാജുവും താജുദ്ദീനും കൂടി ആക്രമിച്ചു. തിരിച്ച് വന്ന് ഇവര്‍ വീണ്ടും കലാപത്തില്‍ പങ്ക് ചേര്‍ന്നു. ജയില്‍ ഉദ്യോഗസ്ഥരെ പരുക്കേല്‍പ്പിച്ച് ഔദ്യോഗിക ഡ്യൂട്ടി നിര്‍വഹിക്കുന്നതിന് തടസം നില്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്ത കാര്യം. ഇതാണ് എഫ്ഐആറില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top