വലിയ വിജയത്തിനിടയിലും കോണ്‍ഗ്രസിനെ തൃശൂര്‍ വേട്ടയാടും; ‘ജയന്റ് കില്ലര്‍’ മൂന്നാം സ്ഥാനത്തായത് എങ്ങനെ? കെ മുരളീധരന്‍ കട്ടകലിപ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും തൃശൂരിലെ പരാജയം കോണ്‍ഗ്രസിന് വരും നാളുകളില്‍ കടുത്ത തലവേദനയാകും. അപ്രതീക്ഷിതമായ തോല്‍വി എന്നതിനൊപ്പം ദയനീയമായി വോട്ട് കുറഞ്ഞതും കോണ്‍ഗ്രസിനെ വലയ്ക്കുകയാണ്. സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസിലെ പ്രധാന നേതാവ് മുരളീധരനാണ് എന്നതും സംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പാര്‍ട്ടി വേദിയില്‍ പ്രചരണത്തിലെ വീഴ്ചകള്‍ സംബന്ധിച്ച് മുരളീധരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ഈ വിമര്‍ശനങ്ങള്‍. സുരക്ഷിതമായ വടകരയില്‍ നിന്നും തൃശൂരില്‍ മുരളീധരനെ എത്തിച്ചത് ശക്തമായ മത്സരം എന്ന സന്ദേശം നല്‍കാനായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

സിറ്റിങ് എംപിമാരെല്ലാം മത്സരിക്കട്ടെയന്ന കോണ്‍ഗ്രസിന്റെ തീരുമാനം മാറ്റിയത് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെയാണ്. പ്രതാപനേയും ഡിസിസി നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ചാണ് സാക്ഷാല്‍ കെ കരുണാകരന്റെ മകള്‍ ബിജെപി കൊടിപിടിച്ചത്. ഈ തിരിച്ചടി നേരിടാനാണ് മുരളീധരനെ തൃശൂരില്‍ ഇറക്കിയത്. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുരളിയും പത്മജയും കളം നിറയുകയും ചെയ്തു. എന്നാല്‍ പത്മജ പറഞ്ഞതെല്ലാം വോട്ടെണ്ണിയപ്പോള്‍ സത്യമാവുന്ന അവസ്ഥയായി. കഴിഞ്ഞ തവണ ലഭിച്ച വോട്ടു പോലും കൈപ്പത്തിയില്‍ ഇത്തവണ വീണില്ല.

ഈ പരാജയത്തിന് പ്രതാപന്‍ അടക്കമുളള നേതാക്കള്‍ മറുപടി നല്‍കേണ്ടി വരിക തന്നെ ചെയ്യും. കെ മുരളീധരനും കടുത്ത പ്രതിഷേധത്തിലാണെന്നാണ് വിവരം. ദയനീയ പരാജയം പാര്‍ട്ടി വേദികളില്‍ ശക്തമായി തന്നെ മുരളീധരന്‍ ഉന്നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വലിയ വിജയത്തിനിടയിലും തൃശൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍ക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top