‘തഗ് ലൈഫ്’: 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; മണിരത്നം-കമൽ ഹാസൻ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ചെയ്തു

ചെന്നൈ: മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. “തഗ് ലൈഫ്” എന്നാണ് ചിത്രത്തിൻ്റെ പേര്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ അതി ഗംഭീരമായ ടൈറ്റിൽ അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്. ‘രംഗരായ സത്യവേൽനായകൻ’ എന്നാണ് കമലിൻ്റെ കഥാപാത്രത്തിൻ്റെ പേര്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഇന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.
എ.ആർ.റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. രവി കെ ചന്ദ്രൻ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. അൻപറിവാണ് സിനിമയ്ക്ക് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.
1987ൽ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുൻപ് മണിരത്നം- കമൽഹാസൻ കൂട്ടുകെട്ടിലെത്തിയ ചിത്രം. ചിത്രത്തില അഭിനയത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here