ജയം രവിക്കു പകരം മണിരത്നം ചിത്രത്തിൽ നിവിന്‍ പോളിയോ അരവിന്ദ് സ്വാമിയോ? ‘തഗ് ലൈഫ്’ ടീം താരങ്ങളുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

36 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍ കമല്‍ഹാസന്റെ തിരക്കുകള്‍ കാരണം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന സെര്‍ബിയയിലെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാനും ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറുന്നത്. ഡേറ്റ് പ്രശ്‌നമാണ് ഇരുവരുടെയും പിന്മാറ്റത്തിന് കാരണം. അരവിന്ദ് സ്വാമിയും നിവിന്‍ പോളിയുമായി മണിരത്‌നത്തിന്റെ ടീം ചര്‍ച്ച തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയം രവിക്കു വേണ്ടി എഴുതിയ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അരവിന്ദ് സ്വാമിയെയും നിവിന്‍ പോളിയെയും ടീം സമീപിച്ചിരിക്കുന്നത്. രണ്ടുപേരെയും പരിഗണിക്കുന്നുണ്ടെങ്കിലും ആരായിക്കും കഥാപാത്രം അവതരിപ്പിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മണിരത്‌നത്തിന്റെ നിരവധി സിനിമകളില്‍ അഭിനയിച്ച താരം എന്ന നിലയില്‍ അരവിന്ദ് സ്വാമിക്കായിരിക്കും സാധ്യത കൂടുതല്‍ എന്നാണ് വിവരം. അതേസമയം മണിരത്‌നത്തിനും കമല്‍ഹാസനുമൊപ്പം ഒരു സിനിമ എന്ന അവസരത്തിനായി കാത്തിരിക്കുകയാണ് നിവിന്‍ പോളി.

നേരത്തേ ചിമ്പു നിരസിച്ച വേഷത്തിലേക്കായിരുന്നു ദുല്‍ഖര്‍ സല്‍മാനെ പരിഗണിച്ചിരുന്നത്. എസ്ടിആര്‍48 എന്ന തന്റെ 48ാം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുമൂലമാണ് ചിമ്പുവിന് മണിരത്‌നത്തിന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത്. ദുല്‍ഖര്‍ സൽമാൻ നേരത്തേ സിനിമയുടെ ഭാഗമായിരുന്നെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം പുറത്തുപോകേണ്ടി വന്നു. ഇതേ കഥാപാത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ വീണ്ടും ചിമ്പുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top