തുലാവര്‍ഷം 48 മണിക്കൂറിനുള്ളില്‍, ന്യൂനമര്‍ദ്ദവും ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് മഴ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളിലാകും ആദ്യം എത്തിച്ചേരുക. തുലാവര്‍ഷം ആദ്യഘട്ടത്തില്‍ ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമായ ഇടവപ്പാതി പൂര്‍ണ്ണമായും പിന്‍വാങ്ങി. നിലവിലെ സാഹചര്യം വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റിന് അനുകൂലമായിട്ടുണ്ട്.
അറബിക്കടലില്‍ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഇത് കൂടാതെ ബംഗാള്‍ ഉള്‍ക്കടലിലും ഒരു ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 6 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
നിലവിലെ കാലാവസ്ഥ പ്രവചനമനുസരിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here