തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് എന്‍ഡിഎ സ്ഥാനാർത്ഥി ; റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടെങ്കില്‍ മാത്രം മത്സരമെന്ന പ്രഖ്യാപനം മറന്നു
ആലപ്പുഴ : ബിഡിജെഎസ് സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥനാണ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയില്‍ നാല് സീറ്റുകളാണ് ബിഡിജെഎസിന് അനുവദിച്ചിരുന്നത്. ഇതില്‍ ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ എ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നത് വൈകിപ്പിച്ചത്.
കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കുമെന്നത് ഉറപ്പായിരുന്നു. സ്ഥാനാർത്ഥിയാകുന്നതിന് റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം കേന്ദ്രത്തില്‍ നിന്നുമുണ്ടാകണമെന്ന ആവശ്യം തുഷാര്‍ മുന്നോട്ടുവച്ചിരുന്നു. റബര്‍ താങ്ങുവില 250 രൂപയായെങ്കിലും വര്‍ദ്ധിപ്പിക്കണം, അല്ലെങ്കില്‍ ഇറക്കുമതി ചുങ്കം കൂട്ടണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പത്തനംതിട്ടയെത്തിയിട്ടും ഒരു കാര്യവും പറഞ്ഞില്ല. ഇതോടെയാണ് പഴയ പ്രഖ്യാപനമെല്ലാം മറന്ന് തുഷാര്‍ കോട്ടയത്തേക്ക് മത്സരിക്കാന്‍ എത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here