സ്പൈസ് ജെറ്റിന് പിഴയടിച്ച് എറണാകുളം ഉപഭോക്തൃകോടതി; ഓൺലൈൻ ബുക്കിങ് കമ്പനിയും ചേർന്ന് 64000 രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി : പകരം സൗകര്യം ഏർപ്പെടുത്താതെ വിമാന ടിക്കറ്റുകൾ റദ്ദാക്കിയ നടപടിയിൽ സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കും ക്ലിയർട്രിപ്പ് ബുക്കിങ് ഏജൻസിക്കുമെതിരെ കർശന നടപടിയുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡണ്ടുമായിരുന്ന ഇ.എം.മുഹമ്മദ് ഇബ്രാഹിം, അംഗം സന്ധ്യാ റാണി എന്നിവർക്ക് 64,442 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഡി.ബി.ബിനു അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഔദ്യോഗിക ആവശ്യത്തിനു ഡൽഹിയിൽ പോയി, ബാംഗ്ലൂർ വഴി തിരികെ കൊച്ചിയിൽ എത്താനുള്ള വിമാനടിക്കറ്റ് ആണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

2019 ഏപ്രിൽ 12ന് യാത്ര ചെയ്യാൻ ക്ലിയർട്രിപ്പ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി 2019 മാർച്ച് 9നാണ് ടിക്കറ്റ് ബുക്കുചെയ്തത്. 11,582 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ യാത്രയ്ക്കായി നിശ്ചയിച്ച തീയതിക്ക് 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കി. റീബുക്കിങ്ങോ ഫുൾ റീഫണ്ടോ നൽകാമെന്നായിരുന്നു ആദ്യ ഓഫർ. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. മുഴുവൻ ടിക്കറ്റ് തുകയും യാത്രക്കാർക്ക് തിരിച്ചുനൽകിയില്ല. ഇതിനെ തുടർന്ന് ഉയർന്ന തുകയായ 19,743 രൂപ നൽകി രണ്ട് ടിക്കറ്റുകൾ പരാതിക്കാർ ബുക്കുചെയ്യേണ്ടി വന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ ആണ് വിമാന സർവീസ് റദ്ദാക്കിയത് എന്നും എയർലൈൻസ് ചട്ടപ്രകാരം അത്തരം സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നും എതിർകക്ഷികൾ ബോധിപ്പിച്ചു.

എന്നാൽ വിമാനത്തിൻ്റെ കാലപ്പഴക്കം മൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് എതിർകക്ഷികളുടെ ബാധ്യതയാണെന്നും പരാതിക്കാരൻ വാദിച്ചു. കൂടാതെ പകരം യാത്രക്ക് കൂടിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടി വന്നതിലൂടെയും പരാതിക്കാർക്ക് നഷ്ടവുമുണ്ടായി. ഈ വകയിലുള്ള നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും കണക്കാക്കിയാണ് കോടതി ഉത്തരവ്. 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ തുടർന്നുള്ള ഓരോ ദിവസവും ഒൻപത് ശതമാനം പലിശ കണക്കാക്കിയുള്ള തുകയും നൽകേണ്ടിവരുമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ ഉത്തരവിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top