ടിക്കറ്റ് കളക്ടർ ഒളിമ്പിക്സ് മെഡൽ ജേതാവായപ്പോൾ; ധോണിയെ ആരാധിക്കുന്ന സ്വപ്നിൽ കുശാലെ

പാരീസ് ഒളിമ്പിക്സിൽ സ്വ​പ്നി​ൽ കു​ശാ​ലെയിലൂടെ ഇന്ത്യക്ക് മൂന്നാം മെഡൽ. ഷൂട്ടിംഗിൽ പു​രു​ഷന്‍മാരുടെ 50 മീറ്റർ ​റൈ​ഫി​ൾ 3 പൊ​സി​ഷ​നി​ൽ വെങ്കലം സ്വന്തമാക്കിയാണ് സ്വപ്നി​ൽ രാജ്യത്തിൻ്റെ മെഡൽ നേട്ടം ഉയർത്തിയത്. ഫൈനലിൽ 451.4 പോയിൻ്റുമായാണ് കുശാൽ മൂന്നാം സ്ഥാനം നേടിയത്. ഈ വിഭാഗത്തിൽ ചൈന സ്വർണവും കൊറിയ വെങ്കലവും സ്വന്തമാക്കി.

ഇതുവരെ ഇന്ത്യക്ക് ലഭിച്ച മൂന്നു മെഡലും ഷൂട്ടിംഗിൽ നിന്നാണ്. മനു ഭാകർ, സരബ്ജ്യോത് സിംഗ് എന്നിവരാണ് നേരത്തേ മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ മനു ഭാകറാണ് ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ വെങ്കലം സ്വന്തമാക്കിയ മനു മിക്സഡ് വിഭാഗത്തിലും നേട്ടം ആവർത്തിച്ചു.

10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ മനു ഭാകർ -സരബ്‌ജോത് സിംഗ് സഖ്യമാണ് വെങ്കല മെഡൽ വെടിവെച്ചിട്ടത്. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് മനു. ഒളിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ ഇന്ത്യൻ ഷൂട്ടിംഗ് ടീം മൂന്നു മെഡലുകൾ നേടുന്നത് ചരിത്രത്തിൽ ആദ്യമാണ്.

തൻ്റെ അരങ്ങേറ്റ ഒളിമ്പിക്സിലാണ് സ്വപ്നിൽ കുശാലെ മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ സ്വപ്നിൽ 2015 മുതൽ സെൻട്രൽ റെയിൽവേയിലെ ജീവനക്കാരനാണ്. ഇന്ത്യയ്ക്ക് ലോകകപ്പ് ക്രിക്കറ്റിൽ വിജയം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ കടുത്ത ആരാധകനാണ് സ്വപ്നിൽ. ധോണിയുടെ ജീവിതം തനിക്ക് പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് മെഡൽ നേട്ടത്തിന് ശേഷം താരം പ്രതികരിച്ചത്. ധോണിയും തന്നെപ്പോലെ റെയിൽവേയിൽ ടിക്കറ്റ് കളക്ടർ ആയിരുന്നുവെന്ന വസ്തുതയും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ഷൂട്ടിംഗിൽ തനിക്ക് റോൾ മോഡൽ ഇല്ലെന്നും ധോണിയാണ് തൻ്റെ ഹീറോ എന്നുമാണ് സ്വപ്നിൽ പറയുന്നത്. ഷൂട്ടിംഗിൽ ആവശ്യം ശാന്തതയും ക്ഷമയുമാണ്. അതിന് താൻ മാതൃകയാക്കിയത് ധോണിയുടെ കളിക്കളത്തിലെ പെരുമാറ്റമാണെന്നുമാണ് ഒളിമ്പിക് മെഡൽ ജേതാവ് പറയുന്നത്.

സുരേഷ് കുശാലെ അനിതാ കുശാലെ എന്നിവരുടെ മകനായി ഒരു കർഷക കുടുംബത്തിലാണ് സ്വപ്നിൽ കുശാലെയുടെ ജനനം. സ്വപ്നിലിനെ വലിയ ഒരു കായിക താരമാക്കാൻ സ്വപ്നം കണ്ട പിതാവ് സുരേഷ് കുശാലെ മകനെ പതിനാലാം വയസിൽ മഹാരാഷ്ട്ര സർക്കാരിൻ്റെ കായിക പ്രബോധിനി പരിശീലന പരിപാടിയിൽ ചേർത്തു. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ഷൂട്ടിംഗാണ് തൻ്റെ വഴി എന്ന് സ്വപ്നിൽ തിരിച്ചറിയുകയായിരുന്നു.

2012 മുതൽ ഷൂട്ടിംഗിൽ സജീവമായ താരത്തിന് 2013 ൽ ലക്ഷ്യ സ്പോർട്സിൻ്റെ സ്‌പോൺസർഷിപ്പ് ലഭിച്ചു. ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായി ജോലിക്ക് കയറിയ താരം ആറു മാസത്തെ ശമ്പളം കൂട്ടിവച്ച് സ്വന്തമായി ഒരു റൈഫിൾ സ്വന്തമാക്കി. അതുവരെ മഹാരാഷ്ട്ര സർക്കാർ നൽകിയ റൈഫിൾ ഉപയോഗിച്ചായിരുന്നു അദ്ദേഹം മത്സരങ്ങളിൽ പങ്കെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top