കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടുവ പിടിച്ചു; വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപം കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. രാധ (45) എന്ന സ്ത്രീയാണ് മരിച്ചത്. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.
തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.

വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് കടുവ ആക്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. 2023-24 കാലയളവിൽ 9838 വന്യജീവി ആക്രമണങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അയ്യായിരത്തോളം കന്നുകാലികളെയും ഇക്കാലയളവിൽ വന്യജീവികൾ കൊന്നു. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വന്യജീവി ആക്രമണത്തില്‍ ആയിരത്തോളം പേരാണ് സമീപവര്‍ഷങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ യുഡിഎഫിൻ്റെ നേതൃത്വത്തിൽ നാളെ മലയോര സമരയാത്ര ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യാത്ര നയിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര സമരയാത്ര.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top