നാല് സീറ്റില്‍ കടുത്ത മത്സരം; തൃശൂരില്‍ മുരളീധരന്റെ വിജയം ഉറപ്പ്; യുഡിഎഫിന് മികച്ച നേട്ടം; കെപിസിസിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തംരഗമുണ്ടാകുമെന്ന് കെപിസിസി വിലയിരുത്തല്‍. ചില മണ്ഡലങ്ങളില്‍ കടുത്ത മത്സരം ഉണ്ടായെങ്കിലും പരാജയപ്പെടാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ഇന്ന് ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിശദമായി പരിശോധിച്ചു. നാലിടത്ത് കടുത്ത മത്സരം നടന്നുവെന്നാണ് വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കനത്ത മത്സരം നടന്നത്. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയുമെങ്കിലും വിജയത്തെ ബാധിക്കില്ല.
കടുത്ത ത്രികോണ മത്സരം നടന്ന തൃശൂരില്‍ മുരളീധരന്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കും. തിരുവനന്തപുരത്ത് ശശി തരൂരിന് വെല്ലുവിളി ഉണ്ടായിട്ടില്ലെന്നും കെപിസിസി വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് കെപിസിസി പ്രതീക്ഷിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് നടത്തിയ പുനസംഘടന ഒഴിവാക്കേണ്ടതായിരുന്നു എന്ന വിമര്‍ശനം സ്ഥാനാര്‍ത്ഥികളടക്കം യോഗത്തില്‍ ഉന്നിയിച്ചു. ഇത് ആദ്യഘട്ട പ്രചരണത്തെ ബാധിച്ചതായും പരാതി ഉയര്‍ന്നു.
20 സീറ്റും നേടുമെന്ന് എക്‌സിക്യൂട്ടീവിന് ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ അവകാശപ്പെട്ടു. ഒറ്റക്കെട്ടായി നടത്തിയ പരിശ്രമം ഫലം കാണും. വര്‍ഗീയ പ്രചരണവും വ്യാജ വീഡിയോ ഇറക്കിയുള്ള നീക്കവുമെല്ലാം ഇടതുമുന്നണി നടത്തിയെങ്കിലും വടകരയില്‍ ഷാഫി പറമ്പില്‍ തന്നെ വിജയിക്കുമെന്നും ഹസന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here