സംസ്ഥാനത്ത് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; പത്രിക നല്‍കിയത് 290 സ്ഥാനാർത്ഥികൾ, സൂക്ഷ്മ പരിശോധന നാളെ

തിരുവനന്തപുരത്ത്: കേരളമുൾപ്പെടെ രണ്ടാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ ആകെ സമർപ്പിച്ച പത്രികകളുടെ എണ്ണം 499ആയി.
ഏറ്റവുമധികം സ്ഥാനാർത്ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്, 22 പേർ. ഏറ്റവും കുറവ് ആലത്തൂരാണ്. എട്ടു പേരാണ് ഇവിടെ പത്രിക നൽകിയത്. ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥികളുടെ എണ്ണം.
അവസാന ദിവസം മൂന്ന് മുന്നണികളിലെയും പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക നൽകി. യുഡിഎഫ് സ്ഥാനാർത്ഥികളായ കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് എന്നിവർ ഇന്ന് പത്രിക നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ഇന്നാണ് പത്രിക നൽകിയത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ഏപ്രില്‍ എട്ടിനാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ഇതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here