അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദത്തിനെതിരെ മുഖ്യ പൂജാരി; സാമ്പിളുകൾ പരിശോധനക്കയച്ച് യോഗി സർക്കാർ

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കാൻ ഉത്തർപ്രേദേശ് സർക്കാർ. ഒരു ഭക്തൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലാണ് പരാതി ലഭിച്ചത്. തുടർന്നാണ് ക്ഷേത്തിലെ പ്രസാദമായ എലൈചി ദാനയുടെ (elaichi daana) സാമ്പിളുകൾ ഝാന്‍സിയിലുള്ള സര്‍ക്കാര്‍ ലാബോറട്ടറിയിൽ പരിശോധനാ വിധേയമാക്കുന്നത്.

പ്രസാദം തയ്യാറാക്കുന്ന ഹൈദര്‍ഗഞ്ചിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇത് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ മണിക് ചന്ദ്ര സിങ് സ്ഥിരീകരിച്ചു. പ്രതിദിനം 80,000 പാക്കറ്റോളം പ്രസാദമാണ് ക്ഷേത്രം വിതരണം ചെയ്യുന്നത്. ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാന്‍ പുറത്ത് കരാര്‍ കൊടുക്കുന്നത് വിലക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മിക്കാന്‍ പാടുള്ളൂ. അത്തരത്തിൽ ഉണ്ടാക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ ലബോറട്ടറി പരിശോധനയിൽ മത്സ്യ എണ്ണയുടെയും മൃഗകൊഴുപ്പിൻ്റെയും സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ക്ഷേത്രത്തിലെ മായം ചേർക്കൽ പരിശോധനാ സൗകര്യത്തിൻ്റെ അഭാവവും അതിനുവേണ്ടി പുറത്തുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തതും നെയ്യ് വിതരണക്കാർ മുതലെടുത്തതായി ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അധികൃതരും പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top