‘ദൈവത്തെ വച്ചുള്ള കളിയോ?’ തിരുപ്പതി ലഡ്ഡു തർക്കത്തിൽ വെളിപ്പെടുത്തലുമായി ക്ഷേത്ര ട്രസ്റ്റ്
രാഷ്ട്രീയ നേട്ടങ്ങൾക്കായി ദൈവത്തെയും ഉപയോഗിക്കാൻ കഴിയുന്ന ആളാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെന്ന് മുൻ മുഖ്യമന്ത്രിയും വൈസ്ആർ കോൺഗ്രസ് വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ചന്ദ്രബാബു നായിഡുവിൻ്റെ സർക്കാർ 100-ാം ദിവസം പിന്നിടുന്ന വേളയിൽ ഭരണപരാജയം മറച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരുടെ വികാരം കൊണ്ട് കളിക്കുന്നത് ന്യായമാണോയെന്നും ജഗൻ ചോദിച്ചു.
ജഗൻ മോഹൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കുന്നതിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അനുവദിച്ചുവെന്ന നായിഡുവിൻ്റെ പ്രസ്താവനയാണ് സംസ്ഥാനത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യുടെ ലബോറട്ടറി പരിശോധനയിൽ മത്സ്യ എണ്ണയുടെയും മൃഗകൊഴുപ്പും സ്ഥിരീകരിച്ചതായി സംസ്ഥാന മന്ത്രിയും ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് നായിഡു പറഞ്ഞു.
ക്ഷേത്രത്തിലെ മായം ചേർക്കൽ പരിശോധനാ സൗകര്യത്തിൻ്റെ അഭാവവും അതിനുവേണ്ടി പുറത്തുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തതും നെയ്യ് വിതരണക്കാർ മുതലെടുത്തതായി ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അധികൃതർ പറഞ്ഞു. പരിശോധനക്ക് അയച്ച മൃഗക്കൊഴുപ്പും ഉണ്ടെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയതായി ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു വ്യക്തമാക്കി. എന്‍ഡിഎ മുന്നണി യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം സംസ്ഥാനത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചതിന് പിന്നാലെ തിരുപ്പതി ലഡ്ഡു തർക്കം സുപ്രീം കോടതിയിലുമെത്തി.
പ്രസാദത്തിൽ മൃഗകൊഴുപ്പ് കണ്ടെത്തിയത് ആചാരാനുഷ്ഠാനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 ൻ്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹൈന്ദവ ആചാരങ്ങളുടെ ലംഘനമാണ് പ്രസാദമായി കരുതുന്ന ലഡ്ഡുവിനെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണം. അത് എണ്ണമറ്റ ഭക്തരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഹിന്ദു മതപരമായ ആചാരങ്ങളുടെ സംരക്ഷണവും പവിത്രമായ സ്ഥാപനങ്ങളുടെ ശരിയായ നടത്തിപ്പും ഉറപ്പാക്കണം. വിഷയത്തിൽ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മതപരമായ ആചാരങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സുപ്രീം കോടതിയുടെ നിരവധി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടുണ്ട്. ‘ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമേറിയ കാര്യമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്, കുറ്റവാളിയെ ശിക്ഷിക്കണം’ ആഗോള ഭക്ഷ്യ നിയന്ത്രണ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞു. ആന്ധ്രാ സർക്കാരിനോട് എല്ലാ വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും അറിയിച്ചു. വിഷയം കൂടുതൽ പരിശോധിച്ച് ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here