താലിബാന്‍ മോഡല്‍ കൈവെട്ട്; കേരളത്തില്‍ സമാനതകളില്ലാത്ത സംഭവം; ജോസഫ് മാഷിന്റെ അനുഭവങ്ങള്‍ നീറുന്നത്
തിരുവനന്തപുരം : ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ വലതുകൈ ഒരു സംഘം വെട്ടിമാറ്റിയത്. മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍ നിന്നും മടങ്ങും വഴി ഭാര്യയുടേയും സഹോദരിയുടേയും മുന്നില്‍ വച്ചായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. കാറിലെത്തിയ ആറംഗ സംഘം ജോസഫ് മാഷിന്റെ വലതുകൈ ടാറിട്ട റോഡില്‍ അമര്‍ത്തി വച്ച് വെട്ടിമാറ്റുകയായിരുന്നു. മഴു ഉപയോഗിച്ച് ഒറ്റവെട്ടിന് മുറിച്ചെടുത്ത കൈ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. പിന്നാലെ തന്നെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ചോദ്യം തയ്യാറാക്കി എന്നാരോപിച്ചായിരുന്നു താലിബാന്‍ മാതൃകയിലുള്ള പ്രാകൃത ശിക്ഷ നടപ്പാക്കിയത്.
രണ്ടാം സെമസ്റ്റര്‍ ബി.കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലെ പതിനൊന്നാം ചോദ്യമാണ് വിവാദമായത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമാണ് ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പുസ്തകത്തില്‍ ഭ്രാന്തന്‍ എന്ന് പറഞ്ഞിരുന്നത് ചോദ്യപേപ്പറില്‍ മുഹമ്മദ് എന്നാണ് എഴുതിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. വിവിധ സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതോടെ കോളജധികാരികള്‍ ജോസഫിനെ തള്ളിപ്പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തു.പോലീസ് മതനിന്ദാകുറ്റം ചുമത്തി സ്വമേധയ കേസ് എടുത്തതോടെ ജോസഫ് ഒളിവില്‍ പോയി. ജോസഫിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയില്‍ മകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ആത്മകഥയിലും ഇക്കാര്യം ടി.ജെ.ജോസഫ് എഴുതിയിട്ടുണ്ട്. വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ 2010 ഏപ്രില്‍ ഒന്നിനാണ് ജോസഫ് തൊടുപുഴ ഡിവൈ.എസ്.പി.ക്കു മുന്നില്‍കീഴടങ്ങിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജോസഫിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വെട്ടേറ്റത്.
ആക്രമണമുണ്ടായ അന്ന് തന്നെ പെരുമ്പാവൂരില്‍ നിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയ പോലീസ് പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി കേസില്‍ 31 പേര്‍ കൂടി കേസില്‍ അറസ്റ്റിലായി. ആദ്യം മൂവാറ്റുപുഴ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ചും എന്‍ഐഎയും അറസ്റ്റു ചെയ്ത പ്രതികള്‍ക്കെതിരെ 2013 ഏപ്രില്‍ പതിനേഴിനാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ മുപ്പതിന് വിധിപറഞ്ഞു. 31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. അപ്പോഴും കേസിലെ ഒന്നാം പ്രതിയായ സവാദ് കാണാമറയത്ത് തന്നെയായിരുന്നു. ആസൂത്രകരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിവാദങ്ങളില്‍ കത്തോലിക്കാ സഭ ടി.ജെ.ജോസഫിനെ പൂര്‍ണ്ണമായും കൈവിട്ടിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ ജോസഫ് സര്‍വകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാതെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തത് തീരാനോവായി. കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നതോടെ വിരമിക്കുന്നതിനും നാല് ദിവസം മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തു. കോളജിന് അവധി നല്‍കി സഭ വിദ്യാര്‍ത്ഥികളെ കാണാനുള്ള അവസരം നിഷേധിച്ചു. കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ കത്തോലിക്കാ സഭയുടെ നടപടികളാണെന്ന് ജോസഫ് തന്റെ ആത്മകഥയായ ‘അറ്റു പോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here