കെെവെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, സർക്കാർ നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നു എന്ന് ടി ജെ ജോസഫ്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കെെവെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 9, 11, 12 പ്രതികളായ നൗഷാദ് മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർക്ക് മൂന്നുവർഷം തടവ് ശിക്ഷയും വിധിച്ചു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ 13 വർഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധിയുണ്ടാകുന്നത്.
യുഎപിഎ, സ്ഫോടന നിരോധന നിയമം എന്നീ വകുപ്പുകളിന്മേലാണ് പ്രതികള്‍ക്കെതിരായ വിധി. കേസിലെ ആറ് പ്രതികളും ചേർന്ന് 4 ലക്ഷം രൂപ ടി ജെ ജോസഫിന് നഷ്ടപരിഹാരമായി നല്‍കണമെന്നും കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണ് ഈ തുക നല്‍കേണ്ടത്.
അതേസമയം, ശിക്ഷ സംബന്ധിച്ച ഏറ്റക്കുറച്ചിലുകള്‍ പറയാന്‍ താന്‍ ആളല്ലെന്ന് ടി ജെ ജോസഫ് കോട്ടയത്ത് പ്രതികരിച്ചു. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വം. അത് നിര്‍വഹിച്ചു. പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല. മുഖ്യപ്രതി ഇപ്പോഴും പിടിയിലാവാത്തത് അന്വേഷണോദ്യോഗസ്ഥരുടെ പരാജയമോ അല്ലെങ്കില്‍ പ്രതിയുടെ സാമര്‍ഥ്യമോ കൊണ്ടാകാമെന്നും ടി ജെ ജോസഫ് പറഞ്ഞു.
തനിക്ക് നഷ്ടപരിഹാരം തരേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി. പ്രതികളില്‍നിന്ന് സ്വരൂപിച്ചതാണെങ്കിലും ആ നഷ്ടപരിഹാരം താന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2010 ജൂലൈ 4 നാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ വലതു കൈപ്പത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ വെട്ടിമാറ്റിയത്. എറണാകുളം മൂവാറ്റുപുഴയിലെ പള്ളിയിൽ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. കെെവെട്ടലില്‍ നേരിട്ട് പങ്കാളിയായ കേസിലെ മുഖ്യപ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
ന്യൂമാൻ കോളേജിലെ ബികോം സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ടി ജെ ജോസഫിനെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് ആദ്യം കേസ് അന്വേഷിച്ച സംഘം റിപ്പോർട്ട് നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here