സ്ത്രീ തുല്യതയുടെ കാര്യത്തിൽ സിപിഎമ്മിനും തെറ്റുപറ്റി; കാന്തപുരം വിഷയത്തിൽ ഗോവിന്ദനെ തള്ളി തോമസ് ഐസക്
സ്ത്രീകളും പുരുഷൻമാരും ഒന്നിച്ചു വ്യായാമം ചെയ്യുന്നതിനെതിരെ
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ നടത്തിയ പരാമർശത്തിനെ ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നത. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ തോമസ് ഐസക്ക് രംഗത്തെത്തി. കാന്തപുരത്തിൻ്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്നാണ് തോമസ് ഐസക്കിൻ്റെ പ്രതികരണം.
“കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസം. നമ്മുടെ വിശ്വാസം അതല്ല. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും കാന്തപുരത്തിനോട് ഞങ്ങൾക്ക് ഒരു ബഹുമാനമുണ്ട്. മുസ്ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. ജമാഅത്തെ ഇസ്ലാമിയെ പോലെയല്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ട്.
സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാർട്ടിയിലും ആ രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധപൂർവം തിരുത്താൻ ശ്രമിക്കുന്നുണ്ട്” – എന്നായിരുന്നു തോമസ് ഐസക് വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നുമായിരുന്നു ഗോവിന്ദൻ കാന്തപുരത്തിന് നൽകിയ മറുപടി.
സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്നായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. സുന്നികള്‍ വ്യായാമത്തിന് എതിരല്ല. പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടിയിരുന്നു. തൻ്റെ നിലപാടിനെ വിമർശിച്ചവർക്കും അദ്ദേഹം കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
Also Read: ‘മുസ്ലിങ്ങളുടെ കാര്യത്തിൽ മതനിഷേധികൾ അഭിപ്രായം പറയേണ്ടാ’; സിപിഎമ്മിനെതിരെ വീണ്ടും സമസ്ത
‘ഇസ്ലാമിന്റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്ലാമിൻ്റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ… ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ പതിനെട്ടും പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല….’ – എന്നായിരുന്നു കാന്തപുരത്തിൻ്റെ പരിഹാസം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here