തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കുടുങ്ങുമോ, പണം വാങ്ങി ചോദ്യങ്ങള്‍ ഉന്നയിച്ച വിവാദം കത്തിപ്പടരുന്നു; താന്‍ കാശും പണവും നല്‍കിയിട്ടുണ്ടെന്ന് വ്യവസായി

ന്യൂഡല്‍ഹി: കാശ് വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാരോപണങ്ങള്‍ വര്‍ഷങ്ങളായി പൊതുമണ്ഡലത്തിലും അധികാര ഇടനാഴികളിലും കേള്‍ക്കുന്ന അപവാദങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ലോകസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ( ടിഎംസി) തീപ്പൊരി നേതാവായ മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങി ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാരോപണവുമായി രംഗത്ത് വന്നത് ബി.ജെ.പി എംപി നിഷികാന്ത് ദുബെയാണ്. അദ്ദേഹം രേഖാമൂലം സ്പീക്കര്‍ ഓം ബിര്‍ലക്ക് പരാതിയും നല്‍കി. സ്പീക്കര്‍ പരാതി എത്തിക്‌സ് കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അംഗത്വം തന്നെ ഇല്ലാതാവും.

കോടീശ്വരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് ഉപഹാരങ്ങളും പണവും വാങ്ങി പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചു വെന്നാണ് പരാതിയില്‍ പറയുന്നത്.

എന്താണ് ‘ക്യാഷ് ഫോര്‍ ക്വറീസ് ‘വിവാദം ?

പശ്ചിമ ബംഗാളിലെ കൃഷ്ണാനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ടി.എം.സി അംഗമാണ് മഹുവ മൊയ്ത്ര. പണവും സമ്മാനങ്ങളും വാങ്ങി ലോക്‌സഭയില്‍ മൊയ്ത്ര ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്ന് ആദ്യം ആരോപണവുമായി രംഗത്ത് വന്നത് അവരുടെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈ യാണ്. അയാള്‍ ഇത് സംബന്ധിച്ച് ഒരു പരാതി ലോക്‌സഭാ സ്പീക്കര്‍ക്കും നല്‍കിയിരുന്നു. ഈ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മൊയ്ത്ര തള്ളിക്കളഞ്ഞിരുന്നു. പിന്നീടാണ് നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. മൊയ്ത്രയെ ഞെട്ടിച്ചു കൊണ്ട് വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി എത്തിക്‌സ് കമ്മറ്റിക്ക് ഒരു സത്യവാങ് മൂലം നല്‍കി. സുപ്രീം കോടതി അഭിഭാഷകന്‍ ജെയ് ആനന്ദിന്റെ ആരോപണങ്ങള്‍ വാസ്തവമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് അയാള്‍ എത്തിക്‌സ് കമ്മറ്റിക്ക് നല്‍കിയത്.

പ്രധാനമന്ത്രിയുടെ അടുപ്പക്കാരനും വ്യവസായിയുമായ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പിനികള്‍ക്കുമെതിരായാണ് മൊയ്ത്ര ചോദ്യങ്ങളത്രയും ഉന്നയിച്ചിരുന്നത്. 61 ചോദ്യങ്ങളില്‍ 50 എണ്ണവും അദാനി ഗ്രൂപ്പിനെതിരായിരുന്നു. പെട്ടെന്ന് പ്രശസ്തി നേടാന്‍ പ്രധാനമന്ത്രിയെ തന്നെ ആക്രമിക്കണമെന്നുള്ളതുകൊണ്ടാണ് അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. അദാനിക്കെതിരെ ചോദ്യങ്ങളുന്നയിക്കാനാവശ്യമായ പ്രാഥമിക വിവരങ്ങളും ഗവേഷണങ്ങളും നടത്തിക്കൊടുത്തിരുന്നുവെന്ന് ഹീരാനന്ദാനി സമ്മതിക്കുന്നുണ്ട്. ഇതിനോടൊപ്പം പണവും, വില കൂടിയ ബാഗുകള്‍, ഷൂസുകള്‍, തുടങ്ങിയ പല സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്. മഹുവ മൊയ്ത്രയുടെ ലോഗിന്‍ ഐ ഡി യിലൂടെ ഹിരാന്ദാനി നേരിട്ട് ചോദ്യങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ടെന്ന് എത്തിക്‌സ് കമ്മറ്റിക്ക് മുമ്പാകെ നല്‍കിയ സത്യവാങ് മൂലത്തില്‍ അയാള്‍ സമ്മതിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top