തിരഞ്ഞെടുപ്പിൽ മത്സരിക്കണോ, കുട്ടികളുടെ എണ്ണം കാണിക്കണം!! വിചിത്രനിയമം നടപ്പാക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിലെ ജനസംഖ്യാ വളർച്ചാ നിരക്കിലെ ഇടിവിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹത നൽകുന്ന നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി സംസ്ഥാനത്തെ ദമ്പതിമാരോട് ചന്ദ്രബാബു നായിഡു അഭ്യർത്ഥനയും നടത്തി.

“കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകാൻ ഞങ്ങൾ ആലോചിക്കുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന മുൻ നിയമം ഞങ്ങൾ റദ്ദാക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ മാത്രം മത്സരിപ്പിക്കാൻ ഞങ്ങൾ പുതിയ നിയമം കൊണ്ടുവരും” – ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

യുവതലമുറ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയതോടെ പല ജില്ലകളിലും ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളിൽ 6.2 ശതമാനത്തിൽ നിന്ന് 2021 ൽ 2.1 ആയി കുറഞ്ഞു. ആന്ധ്രാപ്രദേശിൽ ഇത് 1.6 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ജനസംഖ്യാ വളർച്ചാ നിരക്ക് വളരെയധികം ഇടിഞ്ഞു. ഒരു ദമ്പതിമാർക്ക് രണ്ടിൽ താഴെ കുട്ടികളുള്ളത് യുവജനസംഖ്യയുടെ ദ്രുതഗതിയിലുള്ള ഇടിവിന് കാരണമാകുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും. ജപ്പാൻ, ചൈന, രാജ്യങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

2047 വരെ മാത്രമേ ഞങ്ങൾക്ക് ജനസംഖ്യാപരമായ നേട്ടമുള്ളൂ. 2047ന് ശേഷം ആന്ധ്രാപ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് സംഭവിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. അത് നിങ്ങൾക്കായി മാത്രം ചെയ്യേണ്ട കാര്യമല്ല. അത് രാജ്യത്തിന് വേണ്ടിയുള്ളതാണ്, കൂടുതൽ കുട്ടികൾ ഉണ്ടാകുക സമൂഹത്തിനും ഒരു സേവനമാണ് നൽകുന്നതെന്നും നായിഡു പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ജനസംഖ്യയുടെ ശരാശരി പ്രായം നിലവിൽ 32 ആണ്. എന്നാൽ 2047 ആകുമ്പോഴേക്കും ഇത് 40 ആകുമെന്ന അഭിപ്രായപ്രകടനവും ചന്ദ്രബാബു നായിഡു നേരത്തേ നടത്തിയിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിയമം ഓഗസ്റ്റ് ഏഴിന് സംസ്ഥാന സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top