‘അമീബിക് ജ്വരത്തിന് ലഹരി ഘടകമായി’; മന്ത്രിയെ ശരിവച്ച് ആരോഗ്യവകുപ്പ്; ‘പഠനം നടന്നിട്ടുണ്ട്; സ്വകാര്യത മാനിച്ച് പുറത്തുവിടുന്നില്ല’
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമീബിക് മസ്തിഷ്‌കജ്വരം വ്യാപിച്ചത് ലഹരി ഉപയോഗത്തിലൂടെ എന്ന് മന്ത്രി വീണ ജോര്‍ജ് പരാമര്‍ശിച്ചത് ഇക്കഴിഞ്ഞ തിങ്കഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു. ലഹരിക്കായി പൊടിയോ പുകയിലയോ വെളളത്തില്‍ കലക്കി മൂക്കിലൂടെ ശക്തിയായി വലിച്ചതാകാം രോഗപകർച്ചക്ക് കാരണമായത് എന്നാണ് മന്ത്രി പറഞ്ഞത്. ഒരു സ്ഥലത്ത് നിന്ന് കൂട്ടമായി രോഗം റിപ്പോര്‍ട്ട് ചെയ്തതിന് കാരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ഞെട്ടിക്കുന്ന ഈ വിവരം പ്രമുഖ മാധ്യമങ്ങളിലൊന്നും വാർത്തയായില്ല. പകരം രോഗം ബാധിച്ച് മരിച്ചയാളുടെയും ചികിത്സയിലുള്ളവരുടെ ബന്ധുക്കളുടേയും വൈകാരിക പ്രതികരണങ്ങളാണ് മനോരമ അടക്കമുള്ളവർ നൽകിയത്.
ഇങ്ങനെയെല്ലാം ഇത് വിവാദമാകുന്ന ഘട്ടത്തിലാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്, എന്ത് അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ഇത് പറഞ്ഞത്. എന്നാല്‍ മന്ത്രി പറഞ്ഞത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. രോഗം ബാധിച്ചവരുടെ സ്വകാര്യത മാനിച്ചാണ് കാര്യങ്ങള്‍ വിശദമായി പറയാതിരുന്നത്. വരും ദിവസങ്ങളില്‍ മന്ത്രി തന്നെ കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ഡിഎച്ച്എസ് ഡോ.കെ.വി.നന്ദകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ക്ലസ്റ്റര്‍ രൂപംകൊണ്ടത് ആദ്യമാണ്. ഒരുമിച്ച് കുളിച്ച കുട്ടികളില്‍ പോലും ഒരാള്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഈ സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തിയത്. രോഗം ബാധിച്ചവരില്‍ നിന്നടക്കം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിബന്ധം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗികളുടെ സ്വകാര്യത മാനിച്ചാണ് ആദ്യ ദിവസങ്ങളില്‍ ഇക്കാര്യം പറയാതിരുന്നത്. ഇത് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി.
അതേസമയം ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞത്. അതും മാധ്യമങ്ങള്‍ രോഗപകര്‍ച്ചയെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മാത്രമായിരുന്നു അത്. കൃത്യമായ പഠനം നടത്താതെ മന്ത്രി ഇത്തരം കാര്യങ്ങള്‍ പറയില്ല. ഇക്കാര്യത്തില്‍ മന്ത്രി തന്നെ വൈകാതെ കൂടുതൽ വ്യക്തത നടത്തുമെന്നും അഡീഷണല്‍ ഡിഎച്ച്എസ് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ വിശദീകരണത്തെ വിദഗ്ദ്ധരും ശരിവയ്ക്കുന്നുണ്ട്. നിപ്പ പോലെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരം. ലോകത്ത് ഒരിടത്തും തന്നെ നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതുപോലെ നിരവധിപേര്‍ക്ക് രോഗം ബാധിക്കുന്ന തരത്തില്‍ ക്ലസ്റ്ററും രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ലഹരി ഉപയോഗത്തിന്റെ ഭാഗമായി കുളത്തിലെ വൃത്തിഹീനമായ വെള്ളം മൂക്കിലൂടെ വലിച്ച് കയറ്റിയിരിക്കാം എന്ന് സംശയിക്കുന്നത്.
മലിനമായ വെള്ളത്തില്‍ കുളിച്ചാല്‍ പോലും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ.അനീഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ചെളിയിലുള്ള അമീബ മൂക്കിലൂടെ ഉളളില്‍ കയറണം. ശക്തമായി വെള്ളം വലിച്ച് കയറ്റിയാല്‍ മാത്രമേ മൂക്കില്‍ കൂടി തലച്ചോറില്‍ ഈ അമീബ എത്തൂ. ഇതില്‍ തന്നെ അണുബാധക്ക് കാരണമാകുന്നതും വിരളമാണ്. സംസ്ഥാനത്ത് ഇതുവരെയും കുട്ടികളില്‍ മാത്രമാണ് രോഗം കണ്ടെത്തിയിട്ടുളളത്. എന്നാല്‍ ഈ ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത് യുവാക്കളുടേതാണ്. അതുകൊണ്ട് തന്നെ കുളത്തിലെ വെള്ളം ശക്തിയായി മൂക്കിലൂടെ വലിച്ച് കയറ്റിയിട്ടുണ്ടെന്ന് ഉറപ്പാണെന്നും ഡോ.അനീഷ് വ്യക്തമാക്കി.
നെയ്യാറ്റിന്‍കരയില്‍ രോഗം ബാധിച്ച യുവാക്കള്‍ സമ്പര്‍ക്കത്തില്‍ വന്ന കുളത്തില്‍ കുളിച്ചവരും മറ്റേതെങ്കിലും രീതിയില്‍ വെള്ളം ഉപയോഗിച്ചവരുമായി നാല്‍പ്പതില്‍ അധികം പേരെയാണ് പ്രത്യേകം നിരീക്ഷിച്ചത്. എന്നാല്‍ ആദ്യം രോഗം ബാധിച്ച യുവാക്കൾക്കല്ലാതെ ആര്‍ക്കും രോഗലക്ഷണം ഇതുവരെയും പ്രകടമായിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെ എന്നതില്‍ വിശദമായം പഠന നടന്നു. കഞ്ചാവ് വെള്ളത്തില്‍ കലര്‍ത്തി പപ്പായ ഇലയുടെ തണ്ടിലൂടെ മൂക്കില്‍ വലിച്ച് കയറ്റുന്ന രീതിയുണ്ട്. ഇവിടെയും ഇങ്ങനെ ചിലത് നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് മന്ത്രി തന്നെ ഇത് തുറന്ന് പറഞ്ഞത് എന്നാണ് ആരോഗ്യവകുപ്പും വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ: “ഞാന്‍ ജനറലായിട്ടാണ് പറയാന്‍ ആഗ്രഹിക്കുന്നത്. സ്ട്രോങായിട്ട് ഇൻഹേൽ ചെയ്തിരിക്കുകയാണ്, നേരിട്ട് മൂക്കിലേക്ക്, അല്ലെങ്കിൽ ബ്രെയിനിൽ എത്തത്തക്ക വിധത്തിലുള്ള ഇൻഹലേഷൻ ഇവിടെ നടന്നിട്ടുണ്ട്. പൊടിയോ പുകയിലയോ വെള്ളവുമായിട്ട് മിക്‌സ് ചെയ്തിട്ട് ഇൻഹേൽ ചെയ്യുക. അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പിന് എല്ലാം വ്യക്തമാണ്. രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ചെയ്യുകയുമാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വം. അത് ചെയ്യും. എന്തുകൊണ്ട് രോഗമുണ്ടായി എന്ന് അന്വേഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ സമാന സാഹചര്യത്തിലൂടെ കടന്നുപോയ മറ്റുളളവരെ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. കുളത്തില്‍ കുളിച്ച 33പേരെയും മൂക്കിലേക്ക് വലിച്ച് കയറ്റിയവരെയും വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേനെ.”
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here