‘ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് താങ്ങാനാവില്ല’; നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിൽ

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പരാതിക്കാരൻ്റെ അഭിഭാഷകനായ അനസ് തൻവീർ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തീരുമാനം.

ആഗസ്റ്റ് 11ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതുന്നത്. ഏതു നഗരത്തിൽ പരീക്ഷയെഴുതേണ്ടി വരുമെന്ന് ജൂലായ് 31ന് മെഡിക്കൽ സയൻസസ് ദേശീയ പരീക്ഷാ ബോർഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. രാജ്യത്തെ 185 നഗരങ്ങളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നൽകിയത് കഴിഞ്ഞ ദിവസമാണ്. നിലവിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ ടിക്കറ്റുകളും ലഭ്യമല്ല. ഭീമമായ വിമാന ടിക്കറ്റ് നിരക്ക് പരീക്ഷ എഴുതുന്നതിൽ നിന്നും പിൻവാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പരീക്ഷാ ക്രമക്കേടുകൾ തടയാനാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തിയതെന്നാണ് അധികൃതരുടെ വാദം. ഈ നടപടികൾ കാരണം വിദ്യാ‌ർത്ഥികൾ നേരിടുന്ന  ബുദ്ധിമുട്ട് കണക്കിലെടുത്ത് സൗകര്യപ്രദമായ നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും അനുവദിക്കുകയും  പരീക്ഷാതീയതി പുതുക്കി നിശ്ചയിക്കുകയും ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. കോടതി വിധി വരുന്നതുവരെ പരീക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top