ചന്ദ്രന് കൂട്ടായി ഇനി ‘മിനി മൂൺ’; 2024 പിറ്റി5 ഛിന്നഗ്രഹത്തെക്കുറിച്ച് അറിയാം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് കൂട്ടായി ഇനിയുള്ള രണ്ടുമാസം മിനിമൂൺ ഉണ്ടാകും. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരു ഛിന്നഗ്രഹത്തെയാണ് ‘മിനി മൂൺ’ എന്ന് വിളിക്കുന്നത്. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹമാണ് ഇന്നലെ മുതൽ ചന്ദ്രന് കൂട്ടായി എത്തിയത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെ ചന്ദ്രനെപ്പോലെ ഈ ഛിന്നഗ്രഹവും ഭൂമിയെ ഭ്രമണം ചെയ്യും.

ഈ ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്. നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലർട്ട് സിസ്റ്റത്തിലെ ഗവേഷകരാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഓരോ വർഷവും ചെറുതും വലുതുമായ നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.

പലപ്പോഴും ഛിന്നഗ്രഹങ്ങൾ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കത്തുകയോ ചെയ്യും. എന്നാൽ, 2024 പിറ്റി5 എന്ന ഛിന്നഗ്രഹം ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടും എന്നതാണ് പ്രത്യേകത. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂർവമാണ്.

ബഹിരാകാശത്തെ അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് 2024 പിറ്റി5 എത്തുന്നത്. ഇത്തരം ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോടുള്ള ദൂരക്കുറവും താരതമ്യേന കുറഞ്ഞ വേഗതയുമാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സ്വാധീനിക്കപ്പെടാൻ ഇടയാക്കുന്നത്. സാധാരണയായി സൂര്യനെ വലംവയ്‌ക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം പൂർണമായും പൂർത്തിയാക്കില്ല. അതേസമയം, ഛിന്നഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top