നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കും; കേസുകളുമായി സര്‍ക്കാരും; അനധികൃത നിര്‍മ്മാണങ്ങളിലും കൈവയ്ക്കും; അന്‍വറിനെ നേരിടാന്‍ സിപിഎം പ്ലാന്‍

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന പിവി അന്‍വറിനെ നേരിടാന്‍ സിപിഎം തീരുമാനം. ഇതുവരേയും മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല. മാധ്യമങ്ങളെ കണ്ടപ്പോഴെല്ലാം അന്‍വറിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ കഴിയുന്നതും ഒഴിവാക്കാനും ശ്രദ്ധിച്ചു. പകരം അണികളെ അന്‍വര്‍ പാര്‍ട്ടി ശത്രുവാണെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ അടക്കം നിരത്തിയുള്ള പ്രകടനങ്ങള്‍. എന്നാല്‍ ഇന്നലെ അന്‍വര്‍ നടത്തിയ പൊതുയോഗത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ ആ രീതിയില്‍ മാറ്റം വരുത്തുകയാണ് സിപിഎം.

ALSO READ : അന്‍വറിന്റേത് എംവിആറും ഗൗരിയമ്മയും കാണിക്കാത്ത മാസ് !! ഒറ്റയ്ക്ക് ആളെക്കൂട്ടി സിപിഎമ്മിനെ വെല്ലുവിളിക്കുന്നു

അന്‍വറിന്റെ പ്രസംഗങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. എന്നാല്‍ മുഖ്യന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഒഴിവാക്കി മറ്റ് വിമര്‍ശനങ്ങളിലാണ് മറുപടി. അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ഇത്തരമൊരു നീക്കം മറ്റ് ലക്ഷ്യങ്ങളുമായി ആണെന്നുമാണ് സിപിഎം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം അന്‍വര്‍ ഉയര്‍ത്തുന്ന മുസ്ലിം വിരുദ്ധത എന്ന ആരോപണം ശക്തമായി പ്രതിരോധിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.

ALSO READ : അന്‍വറിനെ കേള്‍ക്കാന്‍ തടിച്ചു കൂടി നിലമ്പൂരുകാര്‍; വേദിയില്‍ പ്രാദേശിക നേതാക്കളും; അങ്കലാപ്പില്‍ സിപിഎം

ഇതോടൊപ്പം അന്‍വറിനെതിരായ കേസുകളും കടുപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍ അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുകൂടാതെ അന്‍വറിന്റെ ഉടമസ്ഥതയിലായിരുന്ന കക്കാടംപൊയിലിലെ പിവിആര്‍ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിക്കാന്‍ സിപിഎം ഭരണത്തിലുള്ള കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് നടപടി തുടങ്ങി. പൊളിക്കാന്‍ റീ ടെന്‍ഡര്‍ ക്ഷണിക്കാനാണ് തീരുമാനം. എട്ടുമാസമായി നടപ്പാക്കാത്ത ഹൈക്കോടതി ഉത്തരവാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഈ പ്രതിരോധ നടപടികള്‍ കൊണ്ടൊന്നും തന്നെ തടയാന്‍ കഴിയില്ലെന്നാണ് അന്‍വറിന്റെ പ്രതികരണം. എന്ത് കള്ളക്കേസ് എടുത്താലും നേരിടും. ഭീഷണിയുടെ സ്വരം തന്നോട് വേണ്ടന്നും അന്‍വര്‍ വ്യക്തമാക്കുന്നുണ്ട്. അന്‍വര്‍ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ നഷ്ടം സംഭവിക്കുക തങ്ങള്‍ക്കാകും എന്ന് കൃത്യമായി മനസിലാക്കി തന്നെയാണ് സിപിഎം പ്രത്യാക്രമണത്തിന് തീരുമാനമെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top