ജാതി വിവേചനം; ഗുജറാത്തിൽ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം നിഷേധിച്ചു
പത്താം ക്ലാസ് പരീക്ഷയിൽ സ്ക്കൂളിലെ ടോപ്പർ ആയിട്ടും സ്വാതന്ത്ര്യ ദിനത്തിൽ 16 കാരിയായ അർണാസ് ബാനു അവഹേളിക്കപ്പെട്ടു. പെണ്‍കുട്ടിയെ തഴഞ്ഞ് രണ്ടാം റാങ്കുകാരിക്ക് അവാര്‍ഡ് നല്‍കി ഗുജറാത്ത് സ്‌കൂള്‍. മിടുക്കിനും ബുദ്ധിക്കുമപ്പുറം മറ്റ് പലതുമാണ് പരിഗണിക്കപ്പെടുന്നതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടി.
മെഹ്സാന ജില്ലയിലെ ലുണാവ ഗ്രാമത്തിലെ കെ.ടി. പട്ടേൽ സ്മൃതി വിദ്യാലയത്തിലെ പത്തിലും പന്ത്രണ്ടിലും ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികളെ സ്വാതന്ത്ര്യ ദിനത്തിൽ ആദരിക്കുന്ന പതിവുണ്ട്. പത്താം ക്ലാസിൽ 87 ശതമാനം മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയ അർണാസിനെ തഴഞ്ഞ് രണ്ടാം സ്ഥാനക്കാരിക്കാണ് സ്കൂൾ അധികൃതർ പുരസ്കാരം നൽകിയത്. അർണാസിന് അവാർഡ് നിഷേധിച്ചതിന് പ്രത്യേകിച്ച് ഒരു കാരണവും പറയുന്നില്ല. അവഹേളിക്കപ്പെട്ടതിൽ മനം തകർന്ന അർണാസിന് പിന്നീട് അവാർഡ് നൽകുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞെങ്കിലും ജാതിയുടെയും മതത്തിൻെറയും പേരിൽ അവഗണനയാൽ മുറിവേറ്റ ആ കുഞ്ഞു മനസിന് വേണ്ടി ഉത്തരം പറയാൻ ആരുമില്ല.
ഒന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരം നിഷേധിച്ചതിൽ അർണാസ് പരാതിപ്പെട്ടതായി പിതാവ് സന്‍വര്‍ ഖാന്‍ പറഞ്ഞു. ജനുവരി 26 ന് മകൾക്ക് അവാർഡ് നൽകുമെന്ന് ഇപ്പോൾ അധികാരികൾ പറയുന്നുണ്ടെങ്കിലും, എന്തുകൊണ്ടാണ് തൻ്റെ മകളെ സ്വാതന്ത്ര്യദിനത്തിൽ പുരസ്കാര വേദിയിൽ നിന്ന് അകറ്റി നിർത്തി എന്ന ചോദ്യത്തിന് മറുപടി പറയാൻ അവർ തയ്യാറാവുന്നില്ലെന്നും ഖാൻ വേദനയോടെ പറഞ്ഞു. കാലങ്ങളായി വിവേചനമൊന്നും ഇല്ലാതെയാണ് തങ്ങൾ ജീവിച്ചത്. എന്നാൽ ഈ സംഭവം തകർത്തു കളഞ്ഞുവെന്ന് സൻവർ ഖാൻ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ നടന്ന പുരസ്കാര വിതരണത്തിൽ അർണാസ് ബാനു പങ്കെടുക്കാതിരുന്നതുകൊണ്ടാണ് അവാർഡ് കൊടുക്കാതിരുന്നതെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ബിപിൻ പട്ടേലിൻ്റ ന്യായം. സ്കൂളിലെ സി.സി. ടിവി പരിശോധിച്ചാൽ പ്രിൻസിപ്പലിൻ്റെ വാദം കള്ളമാണെന്ന് തെളിയുമെന്ന് കുട്ടിയുടെ പിതാവ് സൻവർ ഖാൻ പറഞ്ഞു. ഈ വിഷയം ഗൗരവമായി തന്നെ സാമൂഹിക പ്രവർത്തകരും ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. “മോഡി- ഫൈഡ് ” ഇന്ത്യയിൽ നടക്കുന്ന പുത്തൻ സംഭവ വികാസങ്ങൾ ഇങ്ങനെ ഒക്കെയാണെന്ന് എഴുത്തുകാരൻ സലിൽ ത്രിപാഠി ഈ വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററിൽ കുറിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here