എക്‌സൈസിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു; ബാര്‍കോഴയില്‍ മന്ത്രിമാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നു; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് ടൂറിസം വകുപ്പ് തീരുമാനമെടുത്ത യോഗത്തിന് പിന്നാലെയാണ് ബാര്‍ ഉടമകളുടെ സംഘടന പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മദ്യനയത്തില്‍ ആലോചനയേ നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ പേരില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രസ്താവന ഇറക്കിയത്. പ്രതിപക്ഷം പുറത്തുവിട്ട ടൂറിസം വകുപ്പിന്റെ യോഗത്തിന്റെ സൂം ലിങ്കിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ അബ്ക്കാരി പോളിസി റിവ്യൂ ആണ് വിഷയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം വകുപ്പിനാണോയെന്നും എന്ത് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

മന്ത്രിമാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ച് പൊളിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുകയാണ്. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണ്. എക്സൈസ് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ടൂറിസം വകുപ്പ് ചെയ്തത്. ടൂറിസം വകുപ്പ് തീരുമാനം എടുത്ത് പണം ആവശ്യപ്പെടുമ്പോഴും എക്സൈസ് വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

ബാറുകളുടെ ടേണ്‍ ഓവര്‍ ടാക്സ് സംബന്ധിച്ച് പ്രതിപക്ഷം ചോദിച്ച നിയമസഭ ചോദ്യത്തിന് ഒരു വര്‍ഷമായിട്ടും മറുപടി നല്‍കിയിട്ടില്ല. ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടും ടേണ്‍ ഓവര്‍ ടാക്സ് താഴോട്ട് പോയി. ബാറുകളില്‍ ഒരു പരിശോധനയും നടത്തുന്നില്ല. നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും ഒന്നുമായില്ല. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സതീശന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top