ഈ സനലേട്ടനെ മനസിലാകുന്നില്ലെന്ന് ടൊവിനോ; ’27 ലക്ഷം മുടക്കി, ഒരു രൂപ പോലും ശമ്പളം കിട്ടിയില്ല’; ‘വഴക്ക്’ വിവാദത്തിൽ ടൊവിനോ തോമസ്
വഴക്ക് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. താന്‍ അഭിനയിച്ച ഒരു സിനിമയെയും മോശം ആയി കാണുന്ന ആളല്ലെന്നും സനല്‍കുമാര്‍ ശശിധരനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് ടൊവിനോ മുടക്കി എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു താരം.
സനല്‍കുമാറിനെ കുറിച്ച് പലരും മുന്നറിയിപ്പ് തന്നിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചത്. 27 ലക്ഷം രൂപ സിനിമയ്ക്ക് വേണ്ടി സ്വന്തം കയ്യില്‍ നിന്ന് മുടക്കിയിട്ടും ഒരു രൂപപോലും ശമ്പളമായി കിട്ടിയിട്ടില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് നിര്‍മാണത്തില്‍ പങ്കാളിയായതെന്നും ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ സഹനിര്‍മാതാവ് ഗിരീഷും ലൈവില്‍ ടൊവിനോയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
വഴക്കിന്റെ ചിത്രീകരണം കഴിഞ്ഞ് ഏറെ നാളുകള്‍ക്കുശേഷമാണ് സിനിമ ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് സംവിധായകന്‍ പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം അവര്‍ അത് നിരസിച്ചു എന്നും തന്നെ തകര്‍ക്കാന്‍ ഒരു അന്താരാഷ്ട്ര കോക്കസ് ശ്രമിക്കുന്നുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞതായി ടൊവിനോ വ്യക്തമാക്കി. എന്നാല്‍ മറ്റ് പല ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഐഎഫ്എഫ്‌കെയിലെ സ്‌ക്രീനിങ്ങിനു ശേഷമാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റര്‍ റിലീസിനെ എതിര്‍ക്കില്ലെന്ന് താന്‍ പറഞ്ഞതായി ടൊവിനോ വ്യക്തമാക്കി. എന്നാല്‍ മറ്റൊരാളെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കാം അയാള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകള്‍ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്‌കെയില്‍ കണ്ട ആളുകളൊന്നും തിയറ്ററില്‍ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവിനോയുടെ പരാാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകള്‍കൊണ്ട് അത് മാനേജ് ചെയ്യാം. എന്നാല്‍ ഈ സിനിമ അത് അര്‍ഹിക്കുന്ന റെസ്‌പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്, ടൊവിനോ വ്യക്തമാക്കി.
ഒടിടി റിലീസിന് ശ്രമിച്ചെങ്കിലും കോര്‍പ്പറേറ്റുകളുടെ പോളിസി അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതും സനല്‍കുമാറിന്റെ സോഷ്യല്‍ പ്രൊഫൈലും തടസമായി വന്നു. ‘ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഒരാള്‍ കരുതുന്നത് അയാളുടെ ചിന്തകളുടെ കുഴപ്പമാണ് എന്നാണ് തനിക്ക് മനസിലാകുന്നതെന്ന് ടൊവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇഷ്ടമുണ്ട്, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ട് അവസാനം താന്‍ മാത്രം വില്ലനായി മാറുകയാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. അക്കാദമിക് സര്‍ക്കിളുകളില്‍ സ്വീകാര്യമായ സിനിമകള്‍ ചെയ്താല്‍ തകര്‍ന്നുപോകുന്ന കരിയര്‍ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ ഡോ. ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന സിനിമ താന്‍ ചെയ്യുമായിരുന്നോ എന്നും ടൊവിനോ ചോദിച്ചു. വഴക്കിന്റെ തിയറ്റർ റിലീസോ ഒടിടി റിലീസിസോ ഉണ്ടെങ്കില്‍ അതിന്റെ പ്രോമോഷനുമായി സഹകരിക്കാന്‍ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സനല്‍കുമാറുമായി അവസാനം ബന്ധപ്പെട്ടത് 2023ലാണ്, അദ്ദേഹം എവിടെയുണ്ടെന്ന് പോലും തനിക്കറിയില്ലെന്നും താരം വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here