‘രണ്ടുമൂന്നു പടങ്ങള്‍ പൊട്ടിയെങ്കിലും ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലേ?’; ടൊവിനോ തോമസിന്റെ വേഷപ്പകര്‍ച്ചയുമായി ‘നടികര്‍’ ടീസര്‍

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ‘നടികര്‍’ എന്ന സിനിമയുടെ ടീസര്‍ എത്തി. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. വിവിധ വേഷപ്പകര്‍ച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ നിര്‍മിക്കുന്നത് അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡ് ആണ്. പുഷ്പ- ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ നവീന്‍ യര്‍നേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top