ടൊവിനോയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാര നേട്ടം; 44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി; കയ്യടി നേടി അദൃശ്യ ജാലകങ്ങള്‍

ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിന് പോര്‍ച്ചുഗലില്‍ വച്ച് നടന്ന 44ാമത് പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസ് സ്വന്തമാക്കി. ചലച്ചിത്രമേളയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ നടന്‍ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ചൈന, ജപ്പാന്‍, ഇറ്റലി, അര്‍ജന്റീന, കാനഡ, യുകെ, ഫ്രാന്‍സ്, യുഎസ് എ, ഹംഗറി, ഫിലിപ്പൈന്‍സ്, സ്പെയിന്‍, എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങി 32 രാജ്യങ്ങളില്‍ നിന്നുള്ള 90 സിനിമകളോട് മത്സരിച്ചാണ് മലയാളികളുടെ പ്രിയതാരം പുരസ്‌കാരം നേടിയത്.

കഴിഞ്ഞ നവംബറില്‍ എസ്റ്റോണിയയിലെ താലിന്‍ ബ്‌ളാക്ക് നൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, വേള്‍ഡ് പ്രീമിയര്‍ നടത്തിയ നടത്തിയ അദൃശ്യ ജാലകങ്ങള്‍ക്ക് മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് കിട്ടിയത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിലെ പ്രകടനത്തിന് പോയവര്‍ഷത്തെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റീമിയസ് പുരസ്‌കാരവും ടൊവിനോ നേടിയിരുന്നു.

ആണവയുദ്ധത്തിന്റെ അതിഭയാനകമായ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. യുദ്ധത്തിനൊപ്പം ഭരണകൂട ഭീകരതയും പൊലീസ് ഭീകരതയും ചിത്രത്തിലെ വിഷയങ്ങളായിരുന്നു. ഭ്രാന്തനെന്ന് മുദ്രകുത്തി പോലീസ് ആശുപത്രിയിലാക്കുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത ഊരും പേരുമില്ലാത്ത കഥാപാത്രമാണ് ടൊവിനോയുടേത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു പേരില്ലാത്ത ഈ കഥാപാത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top