ടൊയോട്ട വിതരണം നിർത്തി മൂന്ന് മോഡലുകൾ, കാരണം ക്രമക്കേട് കണ്ടെത്തിയത്; ബുക്കിങ് മുടക്കാതെ കമ്പനി

ഡല്‍ഹി: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊയോട്ട കമ്പനിയുടെ പ്രധാന പ്രീമിയം വാഹനങ്ങളുടെ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നീ വാഹനങ്ങളുടെ വിതരണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഡീസല്‍ വാഹനങ്ങളുടെ എഞ്ചിൻ നിർമാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിൻ്റെ (ടി.കെ.എം.) വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് ഈ മോഡലുകളാണ്.
ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായി (ടി.എം.സി.) അഫിലിയേറ്റ് ചെയ്തിട്ടുള്ള ടൊയോട്ട ഇൻഡസ്ട്രീസ് കോർപ്പറേഷൻ (ടി.ഐ.കോ.) ആണ് തിങ്കളാഴ്ച ക്രമക്കേടുകൾ കണ്ടെത്തിയതായി അറിയിച്ചത്. ഡീസൽ എഞ്ചിൻ മോഡലുകളിലെ പവർ, ടോർക്ക് കർവുകൾ എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ പരിശോധനയിലാണ് ക്രമക്കേട്. ജപ്പാനിലെ ആറ് വാഹനങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ പത്ത് വാഹനങ്ങളില്‍ ഇത്തരം എഞ്ചിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയിലാണ് കമ്പനി ഈ എഞ്ചിനുകൾ ഉപയോഗിക്കുന്നത്.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ വാഹനത്തിൻ്റെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും മലിനീകാരണം ഉണ്ടാക്കുന്നില്ലെന്നും ടൊയോട്ട അവകാശപ്പെടുന്നു. ഈ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തലാക്കിയെങ്കിലും പുതിയ ഓര്‍ഡറുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നിലവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനം ലഭിക്കാന്‍ കാലതാമസം എടുക്കുമെന്നതാണ് പ്രശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here