ടിപി വധക്കേസ് അട്ടിമറി യുഡിഎഫിൽ പൊട്ടിത്തെറിയാകും; ‘കേസ് പിണറായില്‍ എത്താതിരിക്കാൻ ഘടകകക്ഷിമന്ത്രി രാജിഭീഷണി മുഴക്കി’; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് കെ.സുധാകരന്റെ അടുപ്പക്കാരൻ

തിരുവനന്തപുരം : ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചതാര്? ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ സജീവമായിരിക്കുന്ന ചോദ്യമാണിത്. ടിപി വധത്തിനു പിന്നില്‍ സിപിഎമ്മാണ് എന്നത് കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്. ശിക്ഷിക്കപ്പെട്ട നേതാക്കളുടെ നിര കുഞ്ഞനന്തനിലും പ്രതി ചേര്‍ത്തവരുടെ പേര് സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനിലും ഒതുങ്ങി. എന്നാല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റേയും അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേയും അറിവില്ലാതെ ഈ കൊലപാതകം നടക്കില്ലെന്ന് ടിപിയുടെ വിധവ കെ.കെ.രമ അന്നും ഇന്നും ഒരുപോലെ ആരോപിക്കുകയാണ്.

എന്നാല്‍ അന്നത്തെ കേസന്വേഷണം പിണറായി വിജയന്റെ അടുക്കലേക്കൊന്നും എത്തിയില്ല. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രതികളെയെല്ലാം പിടികൂടിയെങ്കിലും ഗൂഡാലോചന നടത്തിയവരെ പൂര്‍ണ്ണമായും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഗൂഡാലോചന സംബന്ധിച്ച് മറ്റൊരു അന്വഷണത്തിന് ശ്രമം നടന്നെങ്കിലും ഫോണ്‍ രേഖകള്‍ ലഭിക്കാത്തതിനാല്‍ മുന്നോട്ടു പോയില്ലെന്നും, അത് ലഭിച്ചിരുന്നെങ്കില്‍ അന്വേഷണം ഉറപ്പായും പിണറായി വിജയനിലേക്ക് എത്തുമായിരുന്നുവെന്നാണ് തിരുവഞ്ചൂരിന് ശേഷം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇപ്പോള്‍ പറയുന്നത്.

അന്വേഷണം പിണറായിയില്‍ എത്തുമെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നതനായ നേതാവും യുഡിഎഫിലെ സ്ഥിരം ഒത്തുതീര്‍പ്പുകാരനായ ഘടകകക്ഷി മന്ത്രിയും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ടി.പി.ഹരീന്ദ്രന്‍. പിണറായിയെ അറസ്റ്റ് ചെയ്താല്‍ താന്‍ രാജിവെക്കുമെന്ന് ആ മന്ത്രി ഭീഷണി ഉയര്‍ത്തിയെന്നും ഹരീന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി ഏറെ അടുപ്പമുളള അഭിഭാഷകനാണ് ഗുരുതരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെയും, രമേശ് ചെന്നിത്തലയേയും ലക്ഷ്യമിട്ടുളളതാണ് ആരോപണം എന്നാണ് വിലയിരുത്തല്‍. നേരത്തെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിന്ന് പി.ജയരാജനെ ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന് ഹരീന്ദ്രന്‍ ആരോപിച്ചിരുന്നു.

കുഞ്ഞനന്തന്റെ മരണമടക്കം ദുരൂഹമാണെന്ന വാദം ഉയര്‍ത്തി മുസ്ലീംലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ കുറ്റപ്പെടുത്തുമ്പോഴാണ് പ്രമുഖ നേതാക്കളുടെ ഒത്തുതീര്‍പ്പ് സംബന്ധിച്ച് കെ.സുധാകരനോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ നിന്നും വെളിപ്പെടുത്തല്‍ വരുന്നത്. ഇത് യുഡിഎഫിലെ മുന്നണി ബന്ധത്തെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളരുമെന്നുറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനെ ചൊല്ലി ഇടഞ്ഞു നില്‍ക്കുകയാണ് ലീഗ്. ചര്‍ച്ചകള്‍ വൈകുന്നതിലും അതൃപ്തരാണ്. ഇതിനൊപ്പം ലീഗിന്റെ പ്രമുഖ നേതാവിനെ പ്രതി സ്ഥാനത്തു നിര്‍ത്തിയുള്ള ഒരു വെളിപ്പെടുത്തല്‍ കോണ്‍ഗ്രസുമായി അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നതിന്റെ ലക്ഷ്യവും ലീഗ് സൂക്ഷ്മതയോടെ പരിശോധിക്കുന്നുണ്ട്.

സമസ്തയടക്കമുളള സംഘടനകളില്‍ നിന്നും ചെറുതല്ലാത്ത സമ്മര്‍ദ്ദം മുസ്ലീം ലീഗ് നേരിടുന്നുണ്ട്. പൊന്നാനിയില്‍ കെ.എസ്.ഹംസ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായത് സമസ്തയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സമീപ മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകള്‍ ഇടതുമുന്നണിയിലേക്ക് ചോരുമോയെന്ന് ലീഗ് ഭയപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top