ടിപി വധക്കേസ് നിര്‍ണായക വിധി ഇന്ന്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന അപ്പീലില്‍ ഇന്ന് തീര്‍പ്പ്‌

കൊച്ചി: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെയും ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തിൽ പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതി ഹർജികൾ ഇന്ന് പരിഗണിക്കാനായാണ് മാറ്റിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് വിധി പറയുക.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നുമുതൽ എട്ടുവരെ പ്രതികളായ എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.ഷിനോജ്, കെ.സി.രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ് എന്നിവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീലിലാണ് തീര്‍പ്പ്‌ വരുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കെ.കെ. രമ സമർപ്പിച്ച അപ്പീലിലെ ആവശ്യം.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ കോടതി പ്രതികളോട് ഇന്നലെ ചോദിച്ചറിഞ്ഞിരുന്നു. പ്രതികൾ ജയിലിൽചെയ്ത ജോലി, മാനസികാരോഗ്യത്തെ സംബന്ധിച്ച റിപ്പോർട്ട്, പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് എന്നിവയും കോടതി പരിശോധിച്ചിരുന്നു. ഈ മൂന്ന് റിപ്പോർട്ടുകളും പഠിക്കാനുള്ള പ്രതിഭാ​ഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്.

വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കേസുമായി ഒരു ബന്ധവും ഇല്ലെന്നാണ് കൊടി സുനി അറിയിച്ചത്. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. അസുഖമുള്ളതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു. ടിപി വധക്കേസിലെ 12 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർ ഗൂഢാലോചനാക്കേസിൽ പ്രതികളാണെന്നും കണ്ടെത്തി.

2012 മേയ് നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് സിപിഎം അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് രാജിവെച്ച് സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോട് പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികൾ കൊലപ്പെടുത്തി എന്നാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top