ടിപി വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു; 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീലുകളില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. പ്രതികളുടെ ശിക്ഷ ശരിവച്ചാണ് വിധി വന്നത്. അതേസമയം കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഇവരോട് വരുന്ന 26ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ക്കുള്ള ശിക്ഷ അന്ന് വിധിക്കും. മുഴുവന്‍ പ്രതികളോടും അതേ ദിവസം ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ.രമ എംഎൽഎയും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

12 പ്രതികളാണ് ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ.

ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് കെ.കെ.രമ പ്രതികരിച്ചു. “രണ്ട് പേര്‍ കൂടി കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അഞ്ച് മാസത്തെ വാദത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. പി.മോഹനന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ നിയമപോരാട്ടം തുടരും. കെ.കെ.കൃഷ്ണന്‍ ടിപിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ആളാണ്‌. ജ്യോതി ബാബു ഗൂഡാലോചനയില്‍ പങ്കെടുത്തയാളാണ്. “-രമ പറഞ്ഞു.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎമ്മുകാരായ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പകയില്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 12 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top