ടിപി കേസിൽ വധശിക്ഷ ഒഴിവാക്കാൻ കാരണമുണ്ടോയെന്ന് പ്രതികളോട് ഹൈക്കോടതി; കേസിൽ ബന്ധമില്ലെന്ന് കൊടിസുനി; ഇളവ് ചോദിച്ച് പ്രതികൾ; വിധി നാളെ

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന വാദം കേൾക്കെ, ഓരോ പ്രതികളോടും വധശിക്ഷ നൽകാതിരിക്കാനുള്ള കാരണം ചോദിച്ച് ഹൈക്കോടതി. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുള്ള സർക്കാരിന്റെ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. പ്രതികളുടെ ശിക്ഷ കൂട്ടണോ എന്ന കാര്യത്തില്‍ ഹൈക്കോടതി നാളെ വിധി പറയും.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. കുടുംബം തങ്ങളെ ആശ്രയിച്ചതാണ് ജീവിക്കുന്നതെന്നും നിരപരാധി ആണെന്നും ഒന്നാം പ്രതി എം.സി. അനൂപും രണ്ടാം പ്രതി കിർമാണി മനോജും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് കൊടീയ മർദ്ദനം ഏറ്റതായി ടി. കെ. രജീഷ് പറഞ്ഞു. കേസിൽ പരമാവധി ശിക്ഷാ ഇളവ് ലഭിക്കണമെന്ന് മറ്റു പ്രതികളും അഭ്യർത്ഥിച്ചു.

അടുത്തിടെ കുറ്റക്കാരാണെന്ന് കോടതി വിധിച്ച കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു അടക്കം ആറു പേരുടെ വിചാരണ പൂർത്തിയായി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഓൺലൈൻ വഴിയാണ് ജ്യോതി ബാബു കോടതിയിൽ ഹാജരായത്. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും സഹോദരൻ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടതിനാൽ അയാളുടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും തനിക്ക് ഉണ്ട്, അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് തരണമെന്നും പ്രതി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേസിലെ 12 പ്രതികളുടെ ശിക്ഷ ശരിവെച്ചുള്ള വിധി വന്നത്. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ജ്യോതി ബാബു ഒഴികെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ജ്യോതി ബാബു വിട്ടുനിന്നതെന്ന് ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ടിപി വധക്കേസിൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 12 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 2012ലാണ് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎമ്മുകാരായ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top