ടിപി വധക്കേസിലെ രണ്ട് പ്രതികളും വിചാരണ കോടതിയില്‍ കീഴടങ്ങി; ഇവരെ ജയിലിലേക്ക് മാറ്റും, ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്ന് കോടതി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ച രണ്ട് സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ.കെ.കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയത്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുവരെയും ജയിലിലേക്ക് മാറ്റും. ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയിലെ വാദം വരുന്ന 26ന് ഹൈക്കോടതി കേള്‍ക്കാനിരിക്കെയാണ് പ്രതികള്‍ നേരത്തെ കീഴടങ്ങിയത്. സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു. കേസിലെ പത്താം പ്രതിയായ കെ.കെ.കൃഷ്ണന്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമാണ്. സിപിഎം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാര്‍ പ്രതികൾക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു.
കെ.കെ.കൃഷ്ണന്‍ ടിപിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ആളാണെന്നും ജ്യോതി ബാബു ഗൂഡാലോചനയില്‍ പങ്കെടുത്തയാളാണെന്നും വിധി വന്നശേഷം കെ.കെ.രമയും ആര്‍എംപി നേതാക്കളും പ്രതികരിച്ചിരുന്നു.
2012ല്‍ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ സിപിഎമ്മുകാരായ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പകയില്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 12 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
12 പ്രതികളാണ് ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിരുന്നു. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here