ടിപി പ്രതികള്‍ക്ക് ഇളവിനുള്ള നീക്കം കോടതി വിധിയുടെ ലംഘനമെന്ന് തിരുവഞ്ചൂര്‍; കൊടുംകുറ്റവാളികള്‍ക്ക് ഇളവില്ല

ജയില്‍ നിയമം ലംഘിച്ചവരാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെന്നും കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യമല്ലെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേന്ദ്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. സര്‍ക്കാര്‍ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണ്. നിയമത്തിന് മുകളില്‍ സഞ്ചരിക്കാനാണ് പ്രതികളുടെ ശ്രമം. ടിപി വധം അതിക്രൂരമായ കൊലപാതകമാണ്. ആ പ്രതികള്‍ക്ക് എങ്ങനെയാണ് ശിക്ഷായിളവ് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നത്? തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണ് ഇടത് സര്‍ക്കാരിന്റെത്.

ജയില്‍ തിരുത്തലിനുള്ള ഇടം കൂടിയാണ്. കോടതി ശിക്ഷിച്ചവരാണ് ഈ പ്രതികള്‍. ജയിലില്‍ കഴിയുമ്പോഴുള്ള ഇവരുടെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ട്. ജയിലിനകത്ത് അവര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി. അനധികൃതമായ പരോള്‍ ഇവര്‍ക്ക് അനുവദിക്കപ്പെട്ടു.

പരോള്‍ വ്യവസ്ഥ ലംഘിച്ചാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. ജയിലില്‍ കിടന്നതിനെക്കാള്‍ അധികം അവര്‍ പരോളില്‍ പുറത്തായിരുന്നു. ടിപി പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷിമൊഴി നല്‍കിയവരുടെ ജീവനും ഭീഷണി വരും. – തിരുവഞ്ചൂര്‍ പറഞ്ഞു.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാൻ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന് മുന്നോടിയായി കണ്ണൂർ ജയിൽ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി കത്തുനൽകിയിട്ടുണ്ട്. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനാണ് ശ്രമം. കോടതിവിധി മറികടന്നാണ് സർക്കാരിന്റെ നടപടി. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം കോടതി തള്ളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top