കുഞ്ഞനന്തന്റെ മരണം ജയിലില്‍ വിഐപി സന്ദര്‍ശനം നടത്തിയതിന് ശേഷം; പുതിയ വെളിപ്പെടുത്തലുമായി കെ എം ഷാജി; കേസെടുക്കാന്‍ വെല്ലുവിളിയും

വടകര : ടി.പി.ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നേരത്തെയുള്ള ആരോപണത്തില്‍ ഷാജി കൂടുതല്‍ വ്യക്തത വരുത്തി. ഒരു വിവിഐപി ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതെന്നാണ് ഷാജിയുടെ ആരോപണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുഞ്ഞനന്തന്‍ ആശുപത്രിയിലാകുന്നതിനും ഒരാഴ്ച മുമ്പാണ് ഈ വിവിഐപി എത്തിയത്. ഇതാരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ഷാജി പറഞ്ഞു.

നേരത്തേയും കുഞ്ഞനന്തന്റെ മരണത്തില്‍ ഷാജി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സിപിഎം തള്ളിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണത്തില്‍ കേസ് കൊടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കേസെടുക്കാന്‍ ഗോവിന്ദനെ വെല്ലുവിളക്കുകയാണെന്നും ഷാജി പറഞ്ഞു.

കുഞ്ഞനന്തന്‍ മരിക്കുന്ന സമയത്ത് സെന്‍ട്രല്‍ ജയില്‍ സ്ഥിതി ചെയ്യുന്ന അഴിക്കോട് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. അതുകൊണ്ട് തന്നെ അവിട നടന്നതില്‍ വ്യക്തമായ ധാരണയുണ്ട്. കേസെടുക്കുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷാജി പറഞ്ഞു. വടകര പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു ഷാജിയുടെ വെല്ലുവിളി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ താരപ്രചാരകനായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇത്തവണ കാര്യമായി ഇറങ്ങുന്നില്ല. മുഖ്യമന്ത്രി ഇറങ്ങിയാല്‍ 10 വോട്ട് കുറയുമെന്ന് സിപിഎമ്മിന് തന്നെ അറിയാം. ജനങ്ങള്‍ക്ക് ഉപയോഗമുള്ള ഒന്നും പിണറായി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഷാജി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top