‘ഇന്നോവ… മാഷാ അള്ളാ..’; അന്‍വറിനെ ടിപി വധം ഓര്‍മിപ്പിച്ച് രമയുടെ എഫ്ബി പോസ്റ്റ്‌

മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പി.വി. അൻവർ എംഎൽഎ വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആർഎംപി നേതാവ് കെ.കെ.രമ. മൂന്ന് വാക്കുകള്‍ മാത്രമേ എഫ്ബിയില്‍ കുറിച്ചിട്ടുള്ളൂ. ‘ഇന്നോവ… മാഷാ അള്ളാ..’ എന്ന് മാത്രം. ചുവന്ന ബോക്സില്‍ വെളുത്ത അക്ഷരത്തിലാണ് ഈ വാക്കുകള്‍ എഴുതിയത്.

ടിപി വധം ഓര്‍മിപ്പിച്ചു കൊണ്ടാണ് രമ കുറിപ്പ് ഇട്ടത്. സിപിഎമ്മിന് ഒരു കാലത്ത് പ്രിയങ്കര നേതാവായിരുന്നു ടി.പി.ചന്ദ്രശേഖരന്‍. എന്നാല്‍ പാര്‍ട്ടിയുമായി ഉടക്കിയതോടെ കുലംകുത്തിയായി. ഒടുവില്‍ ഇന്നോവ കാര്‍ ടിപി ഓടിച്ച ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയാണ് 51 വെട്ടുവെട്ടി സിപിഎം ക്വട്ടേഷന്‍ സംഘം ടിപിയെ വധിച്ചത്. മാഷ അള്ള എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് അക്രമി സംഘം എത്തിയത്. ഇത് മനപൂര്‍വ്വം അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയെ തിരുത്താന്‍ നോക്കുന്നവര്‍ക്കുള്ള അവസ്ഥയാണ് രമ ചൂണ്ടിക്കാട്ടിയത്.

ടിപിക്കും സിപിഎം അണികളുടെ കടുത്ത പിന്തുണയുണ്ടായിരുന്നു. വലിയ വിഭാഗം സഖാക്കള്‍ ഒടുവില്‍ ടിപിയുടെ പാര്‍ട്ടിയായ ആര്‍എംപിയില്‍ ചേര്‍ന്നു. കുറച്ചുപേര്‍ ടിപിയോടു അനുഭാവം പുലര്‍ത്തി സിപിഎമ്മില്‍ തന്നെ തുടര്‍ന്നു. പാര്‍ട്ടിയെ ധിക്കരിച്ചാല്‍ എല്ലാവര്‍ക്കുമുള്ള ഗതി ഇതാകും എന്നുള്ള വിളിച്ചുപറയലായി ടിപി വധം മാറി.

അതേസമയം ടിപി വധം സിപിഎമ്മിന് രാഷ്ട്രീയമായി വളരെ ക്ഷീണം ചെയ്തു. ദേശീയ തലത്തില്‍ വരെ ടിപി വധം ചര്‍ച്ചയായി. ക്രിമിനല്‍ പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖമാണ് വെളിച്ചത്ത് വന്നത് എന്ന ആക്ഷേപം കേള്‍ക്കാന്‍ ഇടവന്നു. പാര്‍ട്ടിയുടെ ഏറ്റവും വലിയ ക്വട്ടേഷന്‍ സംഘം ഒന്നൊഴിയാതെ അകത്തായി.

കണ്ണൂര്‍ മുടക്കോഴി മലയില്‍ നിന്നും ഈ സംഘത്തെ സാഹസികമായി പോലീസ് പിടികൂടിയത് സിപിഎമ്മിന് ഏറ്റ വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറുകയും ചെയ്തു. ടിപിയുടെ ഭാര്യയായ രമ വടകരയില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറുകയും ചെയ്തു. ഇതെല്ലാം അന്‍വറിനെ ഓര്‍മിപ്പിക്കുന്നതായി രമയുടെ എഫ്ബി കുറിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top