വ്യാപാരിയെ കുത്തുപാളയെടുപ്പിച്ച് യൂണിയനുകള്‍; ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് അതിരമ്പുഴയിലെ സതീഷ് കുമാര്‍

കോട്ടയം : ഒരാഴ്ച മുമ്പ് 5 കോടി മുടക്കി സംരംഭം ആരംഭിച്ച പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ്ജിനെ കാഞ്ഞൂര്‍ പഞ്ചായത്തിലെ രാഷ്ട്രീക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തെക്ക് വടക്ക് ഓടിച്ചതിന്റെ തൊട്ടു പിന്നാലെ കോട്ടയം ജില്ലയിലെ അതിരമ്പുഴയില്‍ പച്ചക്കറി വ്യാപരിയെ കുത്തുപാളയെടുപ്പിക്കാന്‍ പഞ്ചായത്തും യൂണിയന്‍ നേതാക്കളും സജീവമായി രംഗത്ത്. പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടേയും പിടിവാശിയാണ് ഷാജിമോനെ പൊതു നിരത്തില്‍ കിടന്ന് പ്രതിഷേധിക്കുന്ന അവസ്ഥയിലെത്തിച്ചത്. തൊഴിലാളി യൂണിയനുകളുടേയും രാഷ്ട്രീയ നേതാക്കളുടേയും മുട്ടാപോക്ക് നിമിത്തം ലക്ഷങ്ങളുടെ നഷ്ടം നേരിടുന്ന അവസ്ഥയിലാണ് സതീഷ് കുമാര്‍ എന്ന പച്ചക്കറി വ്യാപാരിയും.

കഴിഞ്ഞ 15 വര്‍ഷമായി അതിരമ്പുഴ മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുകയാണ് പി.എസ്.സതീഷ്‌കൂമാറെന്ന 48കാരന്‍. 18 ജീവനക്കാരാണ് ഇദ്ദേഹത്തിന്റെ മാര്‍ക്കറ്റിലുളള കടയിലും മറ്റുമായി ജോലി ചെയ്യുന്നത്. ഇവിടെ സാധനങ്ങള്‍ ഇറക്കുന്നത് ട്രേഡ് യൂണിയന്‍ തൊഴിലാളികളാണ്. ഈ അടുത്ത കാലത്ത് പച്ചക്കറി സ്റ്റോക്ക് ചെയ്യാന്‍ വീടിനോട് ചേര്‍ന്ന് ഒരു ഗോഡൗണ്‍ സ്ഥാപിച്ചു. ഇവിടെ സാധനങ്ങള്‍ ഇറക്കുന്നത് സതീഷും ഭാര്യയും മക്കളും ചേര്‍ന്നാണ്. എന്നാല്‍ ഇവിടുത്തെ ചരക്ക് നീക്കവും തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി മാര്‍ക്കറ്റിലെ യൂണിയന്‍ നേതാക്കള്‍ രംഗത്ത് വന്നു. വീടിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ പുറത്തു നിന്നുളള തൊഴിലാളികളെ കയറ്റനാകില്ലെന്ന നിലപാടിലായിരുന്നു സതീഷ്. പ്രയാപൂര്‍ത്തായ പെണ്‍കുട്ടിയുളള വീട്ടില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടലുകളും സാന്നിധ്യവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുകൊണ്ടാണ് യൂണിയന്‍ തൊഴിലാളികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പക്ഷേ പ്രതികാര നടപടികളും സമരവും പിക്കറ്റിങ്ങുമൊക്കെയായി സതീഷിനെ യൂണിയന്‍കാര്‍ പരമാവധി ദ്രോഹിക്കാന്‍ തുടങ്ങി. ഒടുവില്‍ നിവര്‍ത്തി കെട്ട് കോടതിയെ സമീപിച്ചു. പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടു പോലും സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സിഐടിയു – ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഈ അതിക്രമങ്ങളത്രയും നടക്കുന്നത്. കടയില്‍ സാധനം വാങ്ങാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടുകയാണ്. തന്റെ കടയിലെ 18 ജോലിക്കാരുടെ കുടുംബങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പട്ടിണിയിലാണെന്ന് സതീഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ലോഡ് ഇറക്കാതെ തിരച്ചയക്കുന്നതിനു പുറമേ ലക്ഷങ്ങളുടെ പച്ചക്കറിയാണ് ചീഞ്ഞളിഞ്ഞ് പോകുന്നത്. ഇതിനൊക്കെ പുറമേ വീടിന്റെ മുന്നില്‍ കൊടികള്‍ കെട്ടി ഗേറ്റ് അടച്ചു പൂട്ടിയിരിക്കുകയാണ് സമരക്കാര്‍. ‘സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊല്ലുമെന്ന് പലവട്ടം ഭൂഷണിപ്പെടുത്തി. എന്റെ ഉപജീവന മാര്‍ഗ്ഗം പൂര്‍ണ്ണമായി മുട്ടിച്ചിരിക്കുകയാണ്. ഇതിനോടകം ഏതാണ്ട് അറു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ഞാന്‍ മരിച്ചാല്‍ യൂണിയന്‍ അംഗങ്ങളും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരിക്കും ഉത്തരവാദി’ ഏറെ വേദനയോടെ സതീഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. യൂണിയനുകളുമായുളള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ മാര്‍ക്കറ്റിലെ മൊത്തവ്യാപര കേന്ദ്രം പൂട്ടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വീടിനോട് ചേര്‍ന്ന് പച്ചക്കറി സംഭരണവും വില്പ്പനയും തുടങ്ങിയത്. ഇപ്പോള്‍ ഇതും സാധിക്കാത്ത സാഹചര്യമാണുളളത്.

പുതുതായി വീടുനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്ന് സതീഷിന് അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണെന്ന് അതിരുംമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കിയതും തൊഴില്‍ തര്‍ക്കവുമായി യാതൊരു ബന്ധവുമില്ല. അനധികൃത നിര്‍മ്മാണം ക്രമീകരിച്ചാല്‍ ലൈസന്‍സ് നല്‍കും. അതിനുള്ള അപേക്ഷ സതീഷ് സമര്‍പ്പിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Logo
X
Top