120 കിലോ സ്വർണം പിടിച്ച ജിഎസ്ടി വകുപ്പിൻ്റെ ’ടെറേ ദെൽ ഓറോ’ക്കെതിരെ വ്യാപാരികൾ; സിസിടിവിയും മൊബൈൽ ഫോണും ഓഫാക്കിയെന്ന് പരാതി

തൃശൂരിലെ സ്വർണവ്യാപാര മേഖലയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധനയിൽ 120 കിലോ സ്വർണം പിടിച്ചെടുത്തു. സ്വർണത്തോടൊപ്പം നികുതി വെട്ടിപ്പുകളുടെ രേഖകളും കണ്ടെത്തിയതായിട്ടാണ് വിവരം. ടെറേ ദെൽ ഓറോ (സ്വർണഗോപുരം) എന്ന പേരിൽ 75 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്പെയിനിലെ പ്രശസ്തമായ ചരിത്രസ്മാരകത്തിൻ്റെ പേരാണ് ഓപ്പറേഷന് നൽകിയിരിക്കുന്നത്.

സ്വർണം ഉരുക്കി ആഭരണങ്ങൾ നിർമ്മിക്കുന്ന ആഭരണ നിർമാണ ശാലകളിലും ഉടമകളുടെ വീടുകളിലുമാണ് പരിശോധന. 700ഓളം ജിഎസ്‌ടി ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. ജിഎസ്ടി സ്പെഷ്യൽ കമ്മിഷണർ എബ്രഹാം ബെന്നിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ. സംസ്ഥാനം കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ നീക്കമാണ് ഇന്ന് നടക്കുന്നത്. പലയിടങ്ങളിലും പരിശോധന ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം.

ALSO READ: ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്

അതേസമയം തൃശൂരിലെ സ്വർണ വ്യാപാര – വ്യവസായ മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡിനെതിരെ സ്വർണ വ്യാപാരികയുടെ സംഘടന രംഗത്ത് വന്നു. മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ആരോപിച്ചു.

ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണ്ണ വ്യാപാര മേഖലയിൽ 104 കിലോ സ്വർണം പിടിച്ചു എന്നുള്ളത് പർവതീകരിച്ചു കാണിക്കുകയാണ്. സിസിടിവിയും മൊബൈൽ ഫോണുകളും ഓഫ് ആക്കിയാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെന്നും വ്യാപാരി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവർ കുറ്റപ്പെടുത്തി.

ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇ​ല്ലെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും, നികുതിയും എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നികുതി ചോർച്ചയും, നികുതി വെട്ടിപ്പുണ്ടെന്ന് കണ്ടെത്തുന്നത്. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ. സ്വർണ വ്യാപാര മേഖലയോട് ശത്രുതാപരമായ നിലപാടാണ് ജിഎസ്ടി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് എന്നും എകെജിഎസ്എംഎ ഭാരവാഹികൾ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top