തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം; നവംബർ ഒന്ന് മുതൽ ഏഴ് വരെ ‘കേരളീയം’ പ്രമാണിച്ചുള്ള ക്രമീകരണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായി നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകുന്നേരം ആറു മുതൽ 11 മണിവരെയാണ് നിയന്ത്രണം. നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ അല്ലാതെ മറ്റൊരിടത്തും പാർക്കിംഗ് അനുവദിക്കില്ല. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥി റെഡ് സോണായും അതിലേക്ക് ചേരുന്ന റോഡുകളെ ഓറഞ്ച് സോണായും മറ്റുള്ളവയെ ഗ്രീൻ സോണായും തരം തിരിച്ചു.
ആംബുലൻസ്, മറ്റ് അടിയന്തര സർവീസുകൾ, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, പ്രത്യേക പാസ് നൽകിയ വാഹനങ്ങൾ എന്നിവയ്ക്ക് വെള്ളയമ്പലം കിഴക്കേക്കോട്ട റോഡിലൂടെ സഞ്ചാരം അനുവദിക്കും. കേരളീയത്തിന്റെ പ്രധാന വേദികളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കൃത്യമായ ഇടവേളകളിൽ സേവനം നടത്തും. ഒരു വേദിയിൽ നിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടവർക്കും, പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് വിവിധ വേദികളിലേക്ക് പോകേണ്ടവർക്കും സേവനം പ്രയോജനപ്പെടുത്താം.
റെഡ് സോൺ വീഥിയിൽ നാല് സ്ഥലങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ക്രോസ്സ് ചെയ്യാൻ അനുമതിയുള്ളു. പാളയം യുദ്ധസ്മാരകം, പുളിമൂട്, ആയുർവേദ കോളേജ് ജംഗ്ഷൻ, ഓവർ ബ്രിഡ്ജ് എന്നീ പോയിന്റുകളാണ് ക്രോസിങ്ങിന് അനുവദിച്ചിട്ടുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here