എഐ ക്യാമറ വഴി ലഭിച്ചത് 21 കോടി മാത്രം; നിയമലംഘനങ്ങളില്‍ മൂന്നിലൊന്നിന് പോലും പിഴ ചുമത്തിയില്ല

തിരുവനന്തപുരം: 236 കോടി ചിലവിട്ട് കൊട്ടിഘോഷിച്ചാണ് നിയമലംഘനം കണ്ടെത്താനായി എഐ ക്യാമറകള്‍ സ്ഥാപിച്ചത്. അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ പിഴയായി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 188 കോടിരൂപ സർക്കാരിന് അധികമായി ലഭിക്കുമെന്നും കെൽട്രോൺ വാഗ്ദാനംചെയ്തിരുന്നു.എന്നാൽ, അഞ്ചുമാസം പിന്നിടുമ്പോൾ 21 കോടി മാത്രമാണ് പിഴയായി ലഭിച്ചത്. എഐ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങളില്‍ മൂന്നിലൊന്നിന് പോലും പിഴചുമത്താൻ കഴിഞ്ഞിട്ടില്ല.

ക്യാമറ പ്രവർത്തിച്ചുതുടങ്ങിയ 2023 ജൂൺ അഞ്ചുമുതൽ ഒക്ടോബർ 31 വരെ 74,32,371 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. 23,06,023 കേസുകൾ പിഴ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടിയിലേക്ക് മാറ്റി. 21,03,801 ചെലാനുകൾ തയ്യാറാക്കി. ഇതുപ്രകാരം 139 കോടിരൂപ പിഴചുമത്തിയിട്ടുണ്ട്. എന്നാൽ ലഭിച്ചിട്ടുള്ളത് 21.40 കോടിമാത്രവും.

കെൽട്രോണും മോട്ടോർവാഹനവകുപ്പും ഒരുമിച്ചുള്ള സംരംഭത്തിൽ ഇരുകൂട്ടരുടെയും വീഴ്ച ഇതിലുണ്ട്. കേന്ദ്രത്തിന്റെ വാഹൻ സോഫ്റ്റ്‌വേറിലേക്കാണ് പിഴ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടത്. ഇത് സ്ഥിരമായി തകരാറിലാകുന്നുണ്ട്. എഐ ക്യാമറ വിവരങ്ങൾ സോഫ്റ്റ്‌വേറിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം കെൽട്രോണിന്റെ ചുമതലയിലാണ്. ഇതിലും സാങ്കേതികപ്പിഴവുണ്ട്. ക്യാമറകൾക്ക് വൈദ്യുതി നൽകുന്ന സോളാർപ്പാനലുകൾക്കുണ്ടായ തകരാറും തിരിച്ചടിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top