ട്രാന്‍സ്ജെന്‍ഡര്‍ സെല്ലില്‍ ഇടതുവല്‍ക്കരണം; പിന്നില്‍ മന്ത്രി ബിന്ദുവെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോര്‍ഡിലേക്കും ജില്ലാ ട്രാൻസ്‌ജെൻഡർ സെല്ലിലേക്കും ഇടതുപക്ഷ അനുഭാവികളെ മാത്രം ഉള്‍പ്പെടുത്തിയതായി കേരളാപ്രദേശ് ട്രാൻസ്‌ജെൻഡർ കോണ്‍ഗ്രസ് (കെപിടിസി ). മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ട്രാൻസ്‌ജെൻഡർ സെല്ലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് കെപിടിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അന്ന രാജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
അതാത് ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസറുടെ നേതൃത്വത്തില്‍ ഓരോ ജില്ലകളിലെയും ട്രാൻസ്‌ജെൻഡർ സംഘടനകളിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ട്രാൻസ്‌ജെൻഡർ സെല്ലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തവണ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇടതു സംഘടനകളിലെയും ഇടതു പോഷക സംഘടനകളിലെയും പ്രതിനിധികളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്ന് അന്ന പറഞ്ഞു. ട്രാൻസ്‌ജെൻഡർ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ശസ്ത്രക്രിയകള്‍ക്ക് ധനസഹായം നല്‍കാനുള്ളത് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടയിലാണ് ഈ പുതിയ നടപടി.
മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നിലെന്ന് കെപിടിസി രക്ഷാധികാരി അരുണിമ.എം.കുറുപ്പ് ആരോപിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനിടയില്‍ രാഷ്ട്രീയം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോര്‍ഡ് അംഗത്തിനെ തന്നെ ട്രാൻസ്‌ജെൻഡർ സെല്‍ ഓഫീസറാക്കി. ഒരാള്‍ക്ക് രണ്ട് പദവി നല്‍കിയത് മന്ത്രിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അരുണിമ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here