ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് കോൺഗ്രസിൽ അവഗണന; രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത ആരോപണം, പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നെന്ന് കെപിടിസി
പാർവതി വിജയൻ
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ കോൺഗ്രസ് അംഗങ്ങൾക്ക് കോൺഗ്രസിൽ കടുത്ത അവഗണന. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്നാണ് കൂടുതൽ വിവേചനം നേരിടുന്നതെന്ന് കേരള പ്രദേശ് ട്രാൻസ്‌ജെൻഡർ കോൺഗ്രസ് (കെപിടിസി) അംഗങ്ങൾ പറയുന്നു. 2020ലാണ് കോൺഗ്രസിന്റെ പോഷക സംഘടനയായി കെപിടിസി രൂപീകരിച്ചത്. പോഷക സംഘടന എന്ന നിലയിൽ ലഭിക്കേണ്ട സ്വീകാര്യത പലപ്പോഴും ലഭിക്കുന്നില്ല. കോൺഗ്രസിന്റെ മുൻ നിരയിലേക്ക് വരാൻ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കെപിസിസി നേതൃത്വത്തിൽ നിന്ന് പിന്തുണ ഉണ്ടെങ്കിലും താഴെത്തട്ടിൽ മിക്കപ്പോഴും വിവേചനം അനുഭവിക്കുന്നുണ്ടെന്ന് കെടിപിസി രക്ഷാധികാരിയായി അരുണിമ.എം.കുറുപ്പ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എൽഎൽബി വിദ്യാർത്ഥിയായ അരുണിമ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ തന്നെ കോളജ് യൂണിറ്റിൽ നിന്നും ഇതേ വിവേചനം നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കടുത്ത അവഗണന നേരിടുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള നേതാക്കൾ തീർത്തും വിവേചനപരമായാണ് പെരുമാറുന്നതെന്ന് കെപിടിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അന്ന രാജു പറഞ്ഞു. യൂത്ത് കോൺഗ്രസ് പരിപാടികൾക്ക് ഞങ്ങളെ വിളിക്കാറില്ല. പേരും പ്രശസ്തിയുമുള്ള ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട മറ്റുള്ളവരെ ക്ഷണിക്കും. എന്ത് കൊണ്ട് ക്ഷണിക്കുന്നില്ലെന്ന് ചോദിച്ചാൽ അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ളവർ പറയുന്നത്. രാഹുൽ ഗാന്ധി വന്നപ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം നടന്നപ്പോഴും സിപിഎമ്മിലും ബിജെപിയിലുമുള്ള പ്രശസ്തരായ ട്രാൻസ്‌ജെൻഡർ വ്യക്തികളെ ക്ഷണിച്ചു. പോഷക സംഘടനയായ കെപിടിസിയിൽ നിന്ന് ഒരാളെപ്പോലും പ്രധാന വേദിയിലേക്ക് ക്ഷണിച്ചില്ല. ഈ അവഗണന സഹിക്കാവുന്നതിനും അപ്പുറമാണെന്ന് അന്ന രാജു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പാർട്ടിയിലെ ഉന്നത നേതാക്കളിൽ നിന്നും നല്ല രീതിയിലുള്ള പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കെപിടിസിക്ക് നൽകാമെന്നാണ് പാർട്ടി മുൻപ് പറഞ്ഞതെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് രാഗരഞ്ജിനി വ്യക്തമാക്കി. എന്നാൽ സീറ്റ് നൽകുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here