കൊച്ചിയിലെ പൊന്നുംവിലയുള്ള ഭൂമിവിറ്റ് ബാധ്യത തീർക്കാൻ ട്രാവൻകൂർ സിമൻ്റ്സ്; വാങ്ങാൻ ആളില്ല, വിദേശ പത്രങ്ങളിൽ പരസ്യം കൊടുത്ത് വിവാദവുമായി
എറണാകുളം : സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഭൂമി വിൽക്കാൻ ഗൾഫ് പത്രങ്ങളിൽ പരസ്യം ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമൻ്റ്സിൻ്റെ വകയായി കൊച്ചി കാക്കനാട്ടുള്ള 2.7 ഏക്കർ ഭൂമിയാണ് വിവാദത്തിലാകുന്നത്. പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കുമ്പോൾ പ്രതിഷേധിക്കുന്നവർ, പൊതുമുതൽ ആരുമറിയാതെ വിറ്റഴിക്കാൻ വിദേശ പത്രങ്ങളിൽ പരസ്യം ചെയ്യുന്നു എന്നാണ് വിമർശിക്കുന്നവർ ഉന്നയിക്കുന്നത്. വിമരിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കാനും, ഉൽപാദനം തുടരാനാകാതെ കമ്പനി അകപ്പെട്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുമാണ് ആസ്തി വിൽക്കുന്നത് എന്നാണ് ഔദ്യോഗിക പ്രതികരണം. ഇതിന് സർക്കാരിൻ്റെയും ഹൈക്കോടതിയുടെയും അനുമതിയുണ്ട്. മലയാള പത്രങ്ങളിൽ പരസ്യം ചെയ്തെങ്കിലും ആരും വന്നില്ല, അതിനാലാണ് വിദേശത്ത് പരസ്യം നൽകിയതെന്ന് ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സർക്കാർ ഇടപാടായതിനാൽ കള്ളപ്പണം പറ്റില്ല എന്നതാണ് ഡിമാൻ്റ് കുറയാൻ കാരണം എന്നാണ് സൂചന.
ബാധ്യതകള്‍ പലവിധം
അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവർക്കുള്ള കുടിശികയാണ് ഏറ്റവും വലുത്. ഇത് 20 കോടിയായിട്ടുണ്ട്. നിലവില്‍ വേമ്പനാട് എന്ന ബ്രാന്‍ഡില്‍ വൈറ്റ് സിമന്റും വാള്‍ പുട്ടിയുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളില്ലാത്തതിനാല്‍ ഇപ്പോൾ പൂര്‍ണ്ണ തോതില്‍ നിര്‍മ്മാണം നടക്കുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളവും മൂന്ന് മാസം വരെ കുടിശികയായിട്ടുണ്ട്. ഈ സ്ഥിതി മാറി കമ്പനി മുന്നോട്ട് പ്രവർത്തിക്കണമെങ്കിൽ അധികതുക കണ്ടെത്തേണ്ടിവരും. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാൻ 8 കോടി രൂപയാണ് അടിയന്തരമായി വേണ്ടത്. 2020 മുതലുള്ള ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതവും അടച്ചിട്ടില്ല. ഇത്രയും തുക സമാഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 157 സ്ഥിരം ജീവനക്കാരും 30 കരാര്‍ തൊഴിലാളികളും ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ കോടതി ഉത്തരവ്
2019 മുതല്‍ വിരമിച്ച 115 പേര്‍ക്ക് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാനുണ്ട്. കുടിശിക കിട്ടാത്തവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കാക്കനാട്ടെ ഭൂമി ജപ്തി ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ജപ്തി ചെയ്ത വസ്തുവിന് ന്യായമായ വില ലഭിക്കില്ല എന്ന കാരണത്താല്‍ ഭൂമി വില്‍പ്പന നടത്തി ആനുകൂല്യങ്ങള്‍ നല്‍കാമെന്ന നിര്‍ദ്ദേശം കമ്പനി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് വസ്തു വില്പ്പനയ്ക്ക് ടെന്‍ഡര്‍ വിളിച്ചത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ബാധ്യത തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പാട്ടക്കുടിശികയായി കോടികള്‍ സര്‍ക്കാറിന് നല്‍കാനുണ്ട്. അതില്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാബു ജോസഫ് പ്രതികരിച്ചു.
ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല
കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉപകേന്ദ്രം തുടങ്ങാനാണ് കാക്കനാട് ഭൂമി വാങ്ങിയത്. എന്നാല്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ പേര്‍ വന്നതോടെ ട്രാവന്‍കൂര്‍ സിമന്റ്സ് ക്ഷയിക്കാന്‍ തുടങ്ങി. ഇതോടെ കാക്കനാട്ടെ ഭൂമി വര്‍ഷങ്ങളായി അന്യാധീനപ്പെട്ട അവസ്ഥയിലായി. കൊച്ചിയിലെ പ്രധാന വ്യവസായ മേഖലയിലാണ് ഭൂമിയെങ്കിലും വസ്തുവാങ്ങാന്‍ വിളിച്ച ആദ്യ ആഗോള ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ന്യായവില സെൻ്റിന് 8 ലക്ഷം രൂപയാണ്. ഇതിൻ്റെ 22 ശതമാനം അധിക തുകയ്ക്കാണ് ആദ്യം ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ആരും എത്താത്തതിനാല്‍ ഇപ്പോള്‍ ന്യായവിലയിൽ തന്നെയാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
പൊതുമേഖല സ്ഥാനങ്ങളും അവയുടെ ആസ്തികളും വില്‍ക്കുന്നതിനെ എതിര്‍ക്കുന്ന സമീപനമാണ് എക്കാലവും സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഇതിൻ്റെ പേരിൽ അസംഖ്യം പ്രക്ഷോഭങ്ങളും രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതേ പാർട്ടി സർക്കാരിനെ നയിക്കുമ്പോഴാണ് പൊതുമേഖലയിലെ ഭൂമിവിറ്റ് ബാധ്യതതകൾ തീർക്കാൻ ശ്രമിക്കുന്നത് എന്ന വിരോധാഭാസമാണ് ഈ ഇടപാടിനെ ചർച്ചകളിൽ എത്തിക്കുന്നത്. മന്ത്രിസഭ പരിഗണിച്ച് പ്രത്യേക അനുമതി നൽകിയാണ് വിൽപനയുമായി മുന്നോട്ടുപോകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here