നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്; പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസ്സമില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് ഭക്തര്‍ നിവേദ്യ സമര്‍പ്പണത്തിനായി നല്‍കേണ്ടത്. എന്നാല്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നും ബോര്‍ഡ്‌ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവതിയുടെ മരണമാണ് അരളിച്ചെടിയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്. അടിമുടി വിഷമുള്ള മരണകാരണമായ സസ്യമാണ് അരളി. അതിന്‍റെ പൂവിലും ഇലയിലുമടക്കം കൊടിയ വിഷമുണ്ട്. ഇത് ഉള്ളില്‍ ചെന്നാല്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ട് ബാധിക്കാം എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. അരളി യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് അംഗം എ.അജികുമാര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് യുകെയില്‍ ജോലിക്കായി പോകുകയായിരുന്ന സൂര്യ സുരേന്ദ്രന്‍ അരളിയുടെ ഇല കടിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. അരളി ചെടിയുടെ ഇലയോ പൂവോ അലസമായി അബദ്ധത്തില്‍ വായിലിട്ട് ചവച്ചു തുപ്പിയിരുന്നു എന്ന് സൂര്യ തന്നെ ആശുപത്രി കിടക്കയില്‍ വച്ച് ഡോക്ടറോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ടയില്‍ അരളിയുടെ ചെടി തിന്ന് പശുവും കിടാവും ചത്ത സംഭവവും ഉണ്ടായി. ചില ക്ഷേത്രങ്ങള്‍ ഇതിന് മുന്‍പ് തന്നെ അരളി ഒഴിവാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top