‘ഉന്നതകുലജാതർ’ പരാമർശം ശരിയല്ലെങ്കില്‍ പിൻവലിക്കുന്നു; ഇങ്ങനെ തന്നെ പോകട്ടെയെന്നും സുരേഷ് ഗോപി
ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കട്ടെയെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി. തന്‍റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് അല്പം മുമ്പ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.
പറഞ്ഞതത്രയും ഹൃദയത്തിൽ നിന്ന് വന്നതാണ്. താൻ പറഞ്ഞത് മുഴുവനും കൊടുത്തില്ല. മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്ക വിഭാഗക്കാരെയും കൊണ്ടുവരണമെന്നും താൻ പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറഞ്ഞു. നല്ല ഉദ്ദേശം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ. ആരും മികച്ചതാണെന്നും ആരും മോശപ്പെട്ടതാണെന്നും പറഞ്ഞിട്ടില്ല.
ഈ ചട്ടക്കൂടിനുള്ളിൽ നിന്ന് പുറത്തുവരണമെന്ന് പറഞ്ഞത് ഇപ്പോൾ എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുകയാണ്. ബജറ്റിന്‍റെ നന്മ കൊടുത്തി കളയുകയാണ് ഇതിന്‍റെ ഉദ്ദേശം. വിശദീകരണം ശരിയല്ലെങ്കിൽ പരാമർശം താൻ പിൻവലിക്കുന്നു. ഇങ്ങനെ തന്നെ പോകട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവൂ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെ ആ വകുപ്പിൻ്റെ മന്ത്രിയാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഗോത്രകാര്യ വകുപ്പ്, ഉന്നതകുലജാതർ കൈകാര്യം ചെയ്യണന്നാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അങ്ങനെയൊരു വകുപ്പ് വേണമെന്നാണ് തൻ്റെ ആവശ്യം. എങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാവുള്ളൂ. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യപരമായി അത്തരം മാറ്റങ്ങൾ കൊണ്ടുവരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here