സൗദി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പോലീസ് കേസ്

കൊച്ചി: പ്രമുഖ യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതിയിൽ പോലീസ് കേസ് എടുത്തു. സൗദി പൗരത്വമുള്ള യുവതിയുടെ പരാതിയിലാണ് കേസ്. അഭിമുഖത്തിനായി യുവതി താമസിക്കുന്ന ഹോട്ടലിൽ എത്തിയ ഷക്കീർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.

ഏറെക്കാലമായി കൊച്ചിയിലാണ് സൗദി യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യാനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് പറയുന്നു. നാട്ടിലെത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്ത ആണെന്ന വിശദീകരണവുമായി ഷക്കീർ രംഗത്തെത്തി. ഇപ്പോൾ കാനഡയിൽ ആണ് ട്രാവലർ. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ഏതായാലും യുവതിയുടെ കേസ് രജിസ്റ്റർ ചെയ്ത കാര്യം മാധ്യമ സിൻഡിക്കറ്റിനോട് എറണാകുളം സെൻട്രൽ പോലീസ് സ്ഥിരീകരിച്ചു.

Logo
X
Top