തൃണമൂൽ സാന്നിധ്യം അറിയിക്കാൻ സമ്മേളനം വിളിച്ചുചേർക്കാൻ പിവി അൻവർ; പശ്ചിമ ബംഗാൾ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിപ്പ്

ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ് എംഎൽഎ സ്ഥാനവും ഇട്ടെറിഞ്ഞ് ഇറങ്ങേണ്ടി വന്ന പിവി അൻവർ കടുത്ത രാഷ്ട്രിയ അനിശ്ചിതത്തിന് ഒടുവിൽ എത്തിപ്പെട്ടതാണ് തൃണമൂൽ കോൺഗ്രസിൽ. യുഡിഎഫ് ഘടകകക്ഷിയായി ചേരാനുള്ള ശ്രമം പാതിവഴിയിലെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു നിർണായക രാഷ്ട്രീയ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ് അൻവർ. ഇതിനെല്ലാമുള്ള നീക്കങ്ങളുടെ ഭാഗമാണ് വരുന്ന ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം.
സമ്മേളനത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻനിര തൃണമൂൽ നേതാക്കളെ പങ്കെടുപ്പിക്കാനാണ് ശ്രമം. തൃണമൂലിൻ്റെ രാജ്യസഭയിലെ പാർട്ടി ലീഡർ ഡെറിക് ഓബ്രിയൻ, ശ്രദ്ധേയയായ ലോക്സഭാംഗം മഹുവ മൊയ്ത്ര തുടങ്ങിയവർ ശനിയാഴ്ച കേരളത്തിൽ എത്തുമെന്ന് അഡ്വക്കറ്റ് വിഎസ് മനോജ് കുമാർ അറിയിച്ചു. ഞായറാഴ്ച മഞ്ചേരി പിവിആർ മെട്രോ വില്ലേജിലാണ് പ്രതിനിധി സമ്മേളനം നടക്കുക.
ശനിയാഴ്ച ചേർന്ന സ്വാഗതസംഘം യോഗം തൃണമൂൽ സംസ്ഥാന കൺവീനർ പിവി അൻവർ ഉദ്ഘാടനം ചെയ്തു. പരിപാടിക്കായി 35 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ ടി അബ്ദുറഹിമാനാണ് ചെയർമാൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here