മൂന്നാം തവണ വിയര്‍ത്ത് നേടി നമോ; വാരാണസിയില്‍ ഭൂരിപക്ഷം കുറഞ്ഞു; ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്കുണ്ടായത് വലിയ തിരിച്ചടി
ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രിപ്പിള്‍ വിജയം നരേന്ദ്രമോദി വിയര്‍ത്ത് നേടിയത്. സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഭൂരിപക്ഷം കുറഞ്ഞതിനൊപ്പം വലിയ തിരിച്ചടികളാണ് മോദിക്ക് നേരിടേണ്ടി വന്നത്. ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ പരാജയം മോദിയെ വേട്ടയാടുക തന്നെ ചെയ്യും.
കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദിക്ക് നിലവില്‍ പാര്‍ട്ടിക്കകത്ത് കാര്യമായ എതിരാളികളില്ല. ബിജെപിയെന്നാല്‍ മോദിയെന്നാണ് നിലവിലെ അവസ്ഥ. മുന്‍ ദേശീയ അധ്യക്ഷന്‍മാര്‍ മുതല്‍ എല്ലാവരും മോദിക്ക് പിന്നില്‍ അണിനിരക്കുകയാണ്. ആര്‍എസ്എസില്‍ പോലും എതിര്‍ അഭിപ്രായമുണ്ടെങ്കിലും അതും തുറന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. എന്നാല്‍ ഇനി ഈ സ്ഥിതിയില്‍ മാറ്റമുണ്ടായേക്കാം.
ഗുജാറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ കടന്ന് വരവ് സുഗമമായിരുന്നില്ല. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ അതികായന്‍മാര്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ മോദിക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം വരവില്‍ മോദി കുറച്ചു കൂടി ശക്തനായി. മോദി നേരത്തെ ബഹുമാനത്തോടെ കണ്ടിരുന്ന രാജ്നാഥ് സിങും, നിതിന്‍ ഗഡ്കരിയുമെല്ലാം മോദിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുകയാണ്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഒപ്പമുണ്ടായിരുന്ന അമിത് ഷായെ നിഴലായി കൂടെ നിര്‍ത്തിയായിരുന്നു മോദിയുടെ മുന്നോട്ടുപോക്ക്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണം മോദി മാത്രം എന്ന നിലയിലായിരുന്നു. രാജ്യത്ത് അങ്ങോളം ഇങ്ങോളം പറന്നിറങ്ങി മോദിയാണ് പ്രചരണം നയിച്ചത്.
മോദിയുടെ ഗ്യാരന്റി എന്നതായിരുന്നു ഇത്തവണത്തെ പ്രചാരണ വാചകം. തിരഞ്ഞെടുപ്പ് റാലികളിലെല്ലാം ഇത് മോദി ആവര്‍ത്തിച്ച് പറഞ്ഞു. ഒപ്പം ഹിന്ദുത്വവാദികളെ വികാരത്തില്‍ നിര്‍ത്താനുളളതെല്ലാം ഓരോ പ്രസംഗത്തിലും മോദി നിറച്ചു. ഇത് പലപ്പോഴും കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ എത്തി. എന്നാല്‍ മോദിയായതിനാല്‍ കാര്യമായ നടപടികളൊന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നും ഉണ്ടായതുമില്ല. കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോഴെല്ലാം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ കൂടി ആക്രമിക്കുന്നത് മോദി പതിവാക്കി.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി തുടക്കമിട്ടത്. കൃത്യമായ ആസൂത്രണത്തോടെ ഒരോ ഘട്ടവും കടക്കാന്‍ മോദിക്ക് കഴിഞ്ഞു. മറ്റ് നേതാക്കളുടെ റാലികളെല്ലാം പേരിന് മാത്രമായി ഒതുങ്ങിയപ്പോള്‍ രാജ്യം മുഴുവന്‍ നിറഞ്ഞത് നമോ തരംഗമായിരുന്നു. അവസാന ദിവസങ്ങളിലെ കന്യാകുമാരിയിലെ ഏകാന്ത ധ്യാനം കൂടിയായതോടെ മോദി എറെക്കുറേ വിജയമുറപ്പിച്ചിരുന്നു.
പത്ത് വര്‍ഷത്തെ ഭരണ വിരുദ്ധ വികാരം, മണിപ്പൂര്‍ കലാപം, കര്‍ഷക പ്രതിഷേധങ്ങള്‍, തീവ്രഹിന്ദുത്വവാദിയെന്ന ആരോപണം, തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം മറികടന്നാണ് മോദിയുടെ ഹാട്രിക് വിജയം. ആരെല്ലാം മന്ത്രിയാകണം, ബിജെപി അധ്യക്ഷന്‍ ആരാകും തുടങ്ങിയ എല്ലാ തീരുമാനങ്ങളും ഇനിയും മോദിയില്‍ നിന്നുണ്ടാകും. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാകും മോദിയുടെ അടുത്ത ലക്ഷ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here