കെ.ബാബുവിന്റെ വിജയം അസാധുവാക്കണം; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീം കോടതിയില്‍; തൃപ്പൂണിത്തുറ വിജയത്തെ ചൊല്ലിയുള്ള നിയമപോരാട്ടം ഇനി ഉന്നത നീതിപീഠത്തില്‍
ഡൽഹി: തൃപ്പൂണിത്തുറയിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയതിനെതിരെ എം. സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ബാബു വിശ്വാസത്തെ കൂട്ടുപിടിച്ച് വോട്ടുതേടി എന്നാരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി ബാബുവിന്റെ വിജയം ശരിവയ്ക്കുകയാണ് ചെയ്തത്.
തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നാണ് സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും ഹർജിയിലുണ്ട്. ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി പറഞ്ഞത്. ബാബുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പന്‍റെ ചിത്രമുള്ള സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചതിനു തെളിവ് ഹാജരാക്കാന്‍ സ്വരാജിന് കഴിഞ്ഞിരുന്നില്ല. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here